ഗുരുവായൂർ: ഒറ്റപ്രസവത്തിൽ ജനിച്ച അഞ്ചു പേരിൽ മൂന്നുപേരുടെ വിവാഹം ഇന്ന്. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിെൻറയും രമാദേവിയുടെയും അഞ്ച് മക്കളിൽ മൂന്നുപേരാണ് ഒരുമിച്ച് വിവാഹിതരാകുന്നത്. 1995 നവംബര്‍ 19ന് ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന ഈ കുട്ടികൾ ‘പഞ്ചരത്നങ്ങൾ’ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇവരുടെ വീടിനും പഞ്ചരത്നമെന്നാണ് പേര്. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെ പേരിട്ടു. നാല് പെൺകുട്ടികളുടെയും വിവാഹം ഏപ്രില്‍ 26ന് നിശ്ചയിച്ചിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് ഇപ്പോൾ നടക്കുന്നത്. ഉത്രജയുടെ വരൻ ആകാശിന് കുവൈത്തിൽനിന്ന് നാട്ടിലെത്താൻ കഴിയാത്തതിനാൽ വിവാഹം മാറ്റിെവച്ചിരിക്കുകയാണ്. ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന് മസ്കത്തില് ഹോട്ടല്‍ മാനേജറായ ആയൂര്‍ സ്വദേശി അജിത് കുമാറാണ്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയുടെ വരന് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്േതഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരന് മസ്കത്തിൽ അക്കൗണ്ടൻറായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. ശനിയാഴ്ച രാവിലെ 7.45നും 8.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട്.
ഇവര്‍ക്ക് പത്ത് വയസ്സാവും മുമ്പ് പിതാവ് പ്രേംകുമാര്‍ മരിച്ചു. ഏക സഹോദരൻ ഉത്രജനാണ് സഹോദരിമാരെ വരന്മാർക്ക് കൈപിടിച്ചേൽപിക്കുക. അമ്മ രമാദേവിക്കൊപ്പം അഞ്ച് മക്കളും വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. വൈകീട്ട് ക്ഷേത്രത്തിന് മുന്നിലെത്തി തൊഴുകയും ചെയ്തു. മക്കളുടെ വിവാഹത്തിെൻറ ഭാഗമായി ഗുരുവായൂരപ്പന് സ്വര്‍ണത്തള കാണിക്കയർപ്പിക്കുന്നുണ്ടെന്നും രമാദേവി പറഞ്ഞു. ഹൃദയസംബന്ധമായ തകരാറുകള്‍ ഉള്ള രമാദേവിക്ക് സർക്കാർ ഇടപെട്ട് സഹകരണ ബാങ്കിെൻറ പോത്തൻകോട് ശാഖയിൽ ബിൽ കലക്ടറായി ജോലി നല്‍കിയിരുന്നു.
English summary
Three out of five children born in a single birth are married today