അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ

0

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. കൊല്ലം ആയൂർ സ്വദേശികളായ ശ്രീജ (45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ നാലുപേരെ ആദ്യഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാറിനുള്ളിൽനിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. ആയൂർ അമ്പലമുക്കിൽനിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങൾ നൽകാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളിൽതന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.

Leave a Reply