Sunday, November 28, 2021

ഏഴു വര്‍ഷം മുമ്പ്‌ കൈനകരി സ്വദേശി ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ട്‌ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌

Must Read

ആലപ്പുഴ: ഏഴു വര്‍ഷം മുമ്പ്‌ കൈനകരി സ്വദേശി ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ട്‌ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌. രണ്ട്‌ മുതല്‍ നാലു വരെ പ്രതികളായ ആലപ്പുഴ കോമളപുരം കട്ടികാട്‌ വീട്ടില്‍ സാജന്‍(31), ആര്യാട്‌ കോമളപുരം പുതുവല്‍ വീട്ടില്‍ നന്ദു(26), കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടില്‍ ജെനീഷ്‌(38) എന്നിവരെയാണ്‌ ജീവപര്യന്തവും തടവിനും ഒരു ലക്ഷംരൂപ പിഴയൊടുക്കാനും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെക്ഷന്‍സ്‌ കോടതി(രണ്ട്‌) ജഡ്‌ജി എ. ഇജാസ്‌ ശിക്ഷിച്ചത്‌.
തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിച്ചതിന്‌ ഒന്‍പതാം പ്രതി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടില്‍ സന്തോഷ്‌(37), പത്താം പ്രതി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടില്‍ കുഞ്ഞുമോന്‍(63) എന്നിവര്‍ക്ക്‌ രണ്ട്‌ വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
2014 മാര്‍ച്ച്‌ 28ന്‌ രാത്രി 10.30നാണു കൈനകരി പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡില്‍ ജയേഷ്‌ ഭവനത്തില്‍ ജയേഷിനെ(35) പ്രതികള്‍ വീട്‌ കയറി ആക്രമിച്ചത്‌. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നായിരുന്നു ആക്രമണം. ഒന്നാം പ്രതിയായ പുന്നമട അഭിലാഷിനെ 2013 ഒക്‌ടോബറില്‍ കൈനകരി ഗുരുമന്ദിരത്തിനു സമീപംവച്ച്‌ ജയേഷ്‌ കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു.
പ്രതി സന്തോഷിന്റെ വീട്ടുകാരും ജയേഷും തമ്മില്‍ 2014 ഫെബ്രുവരിയില്‍ കൊയ്‌ത്തുയന്ത്രം ഇറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും സംഘട്ടനത്തിലെത്തിയിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യത്തെത്തുടര്‍ന്ന്‌ അഭിലാഷ്‌, സാജന്‍, നന്ദു, ജനീഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജയേഷിന്റെ വീട്‌ തല്ലിപ്പൊളിച്ചു. ഭയന്നോടിയ ജയേഷിനെ വീടിനു പടിഞ്ഞാറുള്ള വയലിലിട്ടു വെട്ടി.
ഭാര്യ കേണപേക്ഷച്ചിട്ടും പ്രതികള്‍ ആക്രമണം തുടര്‍ന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച ജയേഷ്‌ അടുത്ത ദിവസമാണ്‌ മരിച്ചത്‌.
ഒന്നാം പ്രതിയും ഗുണ്ടാനേതാവുമായ കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ്‌ (പുന്നമട അഭിലാഷ്‌- 32) വിചാരണയ്‌ക്കിടെ കൊല്ലപ്പെട്ടിരുന്നു. അഞ്ചുമുതല്‍ എട്ടുവരെ പ്രതികളായ കൈനകരി മമ്മൂട്ടിച്ചിറ സബിന്‍കുമാര്‍ (40), കൈനകരി തോട്ടുവാത്തല ചെമ്മങ്ങാട്ടുവീട്ടില്‍ ഉല്ലാസ്‌ (36), തോട്ടുവാത്തല മംഗലശേരിയില്‍ വിനീത്‌ (സായിപ്പ്‌-36), ആറ്റുവാത്തല പുത്തന്‍പറമ്പ്‌ വീട്ടില്‍ പുരുഷോത്തമന്‍ (70) എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്‌തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്‌ളിക്‌ പ്രോസിക്യൂട്ടര്‍ പി.കെ. രമേശന്‍ ഹാജരായി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News