ലോകായുക്‌ത വിധിയില്‍ സ്‌ഥാനം തെറിച്ചവര്‍ കെ.കെ. രാമചന്ദ്രന്‍ മുതല്‍ ജലീല്‍ വരെ

0

കോട്ടയം : രാഷ്‌ട്രീയ നേതാക്കളുടെ ഉള്‍പ്പടെ അഴിമതിയില്‍ നടപടി എടുക്കാന്‍ അധികാരമുണ്ടായിരുന്ന ലോകായുക്‌ത വിധിയില്‍ മന്ത്രി സ്‌ഥാനം നഷ്‌ടപ്പെട്ടവരില്‍ യു.ഡി.എഫ്‌.സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രന്‍ മുതല്‍ കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.ടി.ജലീല്‍ വരെ. ലോകായുക്‌ത ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഭേദഗതി ഓര്‍ഡിനന്‍സായി. ഇനി ബില്ലായി നിയമസഭയില്‍ വരണം. ഇതോടെ ലോകായുക്‌ത പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്‌ഥാനം രാജിവെയ്‌ക്കണമെന്ന ആവശ്യത്തിന്റെ പ്രസക്‌തി ഇല്ലാതാകും.
2006-ലാണ്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന രാമചന്ദ്രന്‍ നടത്തിയ ക്രമക്കേട്‌ സംബന്ധിച്ച പരാതി ലോകായുക്‌ത പരിഗണിക്കുന്നത്‌. മന്ത്രിക്കും അഡീ. പ്രൈവറ്റ്‌ സെക്രട്ടറിക്കും നോട്ടീസ്‌ അയച്ച ലോകായുക്‌ത, മുഖ്യമന്ത്രിയുടെ അറിവിലേക്ക്‌ പ്രത്യേക കുറിപ്പും നല്‍കി. കുറിപ്പിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്വേഷിച്ചു. അതിനിടെ, ലോകായുക്‌തയില്‍ മൊഴിനല്‍കിയ വയനാട്‌ ഡി.എം.ഒയെ മന്ത്രി ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നു. പരാതിക്കാരനെ മന്ത്രി ഭീഷണിപ്പെടുത്തിയതിന്റെ ഓഡീയോ ടേപ്പ്‌ ജനുവരി 13 ന്‌ ചാനല്‍ പുറത്തുവിട്ടതോടെ വിവാദം വീണ്ടും കത്തി. മന്ത്രിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിതന്നെ രാമചന്ദ്രന്റെ രാജി സ്‌ഥിരീകരിച്ചു. ലോകായുക്‌ത ഉത്തരവ്‌ വരുംമുമ്പായിരുന്നു രാമചന്ദ്രന്റെ രാജി. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടാണ്‌ ജലീലിനു ലോകായുക്‌ത പരാമര്‍ശത്തെത്തടുര്‍ന്ന്‌ മന്ത്രി സ്‌ഥാനം രാജി വെയ്‌ക്കേണ്ടി വന്നത്‌. ലോകായുക്‌ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
സത്യപ്രതിജ്‌ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ തല്‍സ്‌ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ലോകായുക്‌ത വിധി ജലീലിന്റെ രാജി അനിവാര്യമാക്കി. സ്വര്‍ണക്കടത്ത്‌ വിവാദത്തില്‍ മന്ത്രിയായിരുന്ന ജലീലിനെ ചോദ്യം ചെയ്‌തപ്പോഴും രാജി വെയ്‌ക്കേണ്ടി വന്നില്ല.
എന്നാല്‍, ബന്ധു നിയമന വിവാദത്തില്‍ ലോകായുക്‌ത നിലപാട്‌ കടുപ്പിക്കുകയായിരുന്നു. യോഗ്യതാ മാനദണ്ഡം തന്നെ തിരുത്തിയാണ്‌ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചത്‌. നയമനം വിവാദമായതോടെ അദീബ്‌ സ്‌ഥാനം രാജിവച്ചു. എന്നാല്‍, സ്‌ഥാനമൊഴിഞ്ഞതുകൊണ്ട്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതിത്തം നിലനില്‍ക്കുമെന്ന്‌ ലോകായുക്‌ത വിധിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അറിയാതെയാണ്‌ അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക്‌ ഉദ്യോഗസ്‌ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ്‌ സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ലോകായുക്‌ത വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്‌. യെദിയൂരപ്പയും ലോകായുക്‌ത പരാമര്‍ത്തെത്തുടര്‍ന്ന്‌ രാജിവെച്ചിരുന്നു.

Leave a Reply