വില്ലേജ് ഓഫിസിൽ രാവിലെ എത്തിയവർ കണ്ടത് മേശപ്പുറത്ത് തല ചായ്ച്ചുറങ്ങുന്ന ജീവനക്കാരനെയും വില്ലേജ് ഓഫിസറുടെ കസേരയിൽ ഇരിക്കുന്ന കരാറുകാരനെയും

0

വട്ടവട (ഇടുക്കി) ∙ വില്ലേജ് ഓഫിസിൽ രാവിലെ എത്തിയവർ കണ്ടത് മേശപ്പുറത്ത് തല ചായ്ച്ചുറങ്ങുന്ന ജീവനക്കാരനെയും വില്ലേജ് ഓഫിസറുടെ കസേരയിൽ ഇരിക്കുന്ന കരാറുകാരനെയും. വില്ലേജ് ഓഫിസർ അവധിയിലായിരുന്നതിനാൽ ഫീൽഡ് അസിസ്റ്റന്റ് മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രാവിലെ 10 മണിയോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തിയ നാട്ടുകാരാണ് മയക്കത്തിലായ ഇരുവരെയും കണ്ടെത്തിയത്. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജീവനക്കാരൻ മദ്യലഹരിയിലായിരുന്നെന്ന് കലക്ടർക്ക്‌ റിപ്പോർട്ട്‌ നൽകുമെന്ന് അന്വേഷണത്തിനെത്തിയ ദേവികുളം തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ അറിയിച്ചു.

വട്ടവട വില്ലേജ് ഓഫിസിൽ അസിസ്റ്റന്റും ഓഫിസറും മാത്രമാണ് ജീവനക്കാരായി ഉള്ളത്. വില്ലേജ് ഓഫിസർ 3 ദിവസമായി അവധിയിലാണ്. തലേന്നു രാത്രി മുതൽ കരാറുകാരനൊപ്പം ജീവനക്കാരൻ ഓഫിസിൽ ഉണ്ടായിരുന്നെന്നു സമീപവാസികൾ പറഞ്ഞു.

വിവരം അറിയിച്ചതിനെ തുടർന്നാണ് ദേവികുളം തഹസിൽദാർ അന്വേഷണത്തിനായി വട്ടവടയിൽ എത്തിയത്. എന്നാൽ അപ്പോഴേക്കും ജീവനക്കാരൻ താമസ സ്ഥലത്തേക്കു പോയിരുന്നു. തുടർന്ന് തഹസിൽദാർ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

Leave a Reply