പൈവളിഗെ പഞ്ചായത്തിലെ ജോഡ്ക്കക്കൽ തപോവനം കോളനിയിലെ ഓലകൊണ്ടും ഷീറ്റുകൊണ്ടും നിർമ്മിച്ച ഒറ്റമുറി വീടുകളിൽ കഴിയുന്നവർക്ക് ആദ്യം റേഷൻ വാങ്ങണം…അതിന് റേഷൻ കാർഡ് വേണം. പിന്നെ ആധാറും, തിരിച്ചറിയൽ കാർഡും വേണം….
സഹായിക്കാമെന്ന വാഗ്ദാനം കഴിഞ്ഞ 13 വർഷമായി സ്ഥിരം പല്ലവിയായി ഇവർ കേൾക്കുന്നുണ്ട്. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല. ഇത്തവണയും വോട്ട് ചെയ്യുക എന്നതിനുമപ്പുറം, സർക്കാർ അംഗീകൃത രേഖകളിലൊന്നും കയറിക്കൂടാൻ സാധിക്കാതെ അകന്നു മാറി നിൽക്കേണ്ട അവസ്ഥയാണ് ഇവർക്ക്.തെരഞ്ഞെടുപ്പിൻ്റെ ആവേശം നാടൊട്ടുക്കും ഉയരുമ്പോൾ എല്ലാം നോക്കിക്കാണാൻ മാത്രം വിധിക്കപ്പെട്ടവരും നമുക്കിടയിലുണ്ട്.
അർഹമായ അവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ട് കഴിയുന്നവർ. തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു തവണയെങ്കിലും ഈ ദുരിതം കാണുമെന്ന പ്രതീക്ഷയാണ് കാസർഗോഡ് ജോഡ്ക്കൽ തപോവനം കോളനിയിലെ കുടുംബങ്ങൾക്ക് ഉള്ളത്.
വെള്ളവും വെളിച്ചവുമില്ലാത്ത കൂരകളിലെ ജീവിതങ്ങൾക്ക് കയ്യിൽ അവകാശത്തിൻ്റെ മഷി തെളിയണമെന്ന ആഗ്രഹമുണ്ട്. എന്നാൽ സർക്കാർ പട്ടികയിൽ ഇടം നേടാത്ത കോളനിയിലെ പത്തോളം കുടുംബങ്ങൾക്ക് വോട്ടവകാശം ഇക്കുറിയും സ്വപ്നം മാത്രമാവുകയാണ്.
English summary
Those living in one-room houses made of straw and sheets should first buy a ration card. Then you need Aadhaar and identity card.