Sunday, September 26, 2021

ട്രെയിൻ ആവി എൻജിനിൽ ഓടിയിരുന്ന കാലത്ത് വെള്ളം നിറയ്ക്കാൻ ആരംഭിച്ച സ്റ്റേഷനായിരുന്നു ഇത്

Must Read

ടൂറിസം രംഗത്ത്‌ കുതിക്കുന്ന മൺറോത്തുരുത്തിലെ റെയിൽവേ സ്റ്റേഷനു വികസനമില്ല. ഈ സ്റ്റേഷനെ അവഗണിച്ച് പടിപടിയായി നിർത്തലാക്കാൻ റെയിൽവേ ശ്രമിച്ചുവരുന്നതായി യാത്രക്കാർ ആരോപിക്കുന്നു. ട്രെയിൻ ആവി എൻജിനിൽ ഓടിയിരുന്ന കാലത്ത് വെള്ളം നിറയ്ക്കാൻ ആരംഭിച്ച സ്റ്റേഷനായിരുന്നു ഇത്. കാലക്രമേണ നാടിന്റെ നട്ടെല്ലായി.

യാത്രാസൗകര്യം പരിമിതമായിരുന്ന കാലത്ത് ഇവിടത്തുകാർ ഉപരിപഠനത്തിന് കൊല്ലത്തും തിരുവനപുരത്തും പോയിരുന്നത് ഈ സ്റ്റേഷനിൽനിന്നായിരുന്നു. ഫ്ലാഗ്സ്റ്റേഷനിൽനിന്നായിരുന്നു തുടക്കം. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പുരോഗതിയില്ല. ഒരു ചെറിയ മുറിയും ഉയരം കുറഞ്ഞ രണ്ടു പ്ലാറ്റ്ഫോമുകളുംമാത്രം.

സമരങ്ങളിലൂടെ മലബാർ എക്സ്പ്രസിന് രാവിലെ തിരുവനന്തപുരത്തേക്കുമാത്രം സ്റ്റോപ്പ് അനുവദിച്ചു. മലബാറിന്റെ ആദ്യകാല സ്റ്റോപ്പുകളിൽ ഒന്നായിരുന്നു ഇത്. അന്ന് കരുനാഗപ്പള്ളിയിൽപ്പോലും സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ് മേഴ്സിക്കുട്ടിയമ്മ എം.എൽ.എ.യായ കാലത്ത് മലബാറിന് വൈകീട്ടുകൂടി സ്റ്റോപ്പ് ലഭിച്ചു. എല്ലാ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമിന്‌ നീളം കൂട്ടിയശേഷമാണ് മലബാറിന് ബോഗി 21 ആക്കിയത്.

മൺറോത്തുരുത്തിൽ പ്ലാറ്റ്ഫോമിന് നീളം കൂട്ടാതെ സ്റ്റോപ്പ് എടുത്തുകളഞ്ഞു. തിരുവനന്തപുരംമുതൽ കാസർകോടുവരെ പരിശോധിച്ചാൽ ഒരു ലെവൽക്രോസ്‌ പോലുമില്ലാത്ത ഏക പഞ്ചായത്താണ് മൺറോത്തുരുത്ത്. പഞ്ചായത്തിന്റെ പകുതി സ്ഥലത്തേക്കും ഗതാഗതയോഗ്യമായ റോഡുകൾ നിർമിക്കുന്നതിന് റെയിൽവേ തടസ്സംനിൽക്കുന്നു.

ഫുട്ട്‌ ഓവർബ്രിഡ്‌ജില്ല

: ദക്ഷിണ റെയിൽവേയുടെ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് മൺറോത്തുരുത്തിൽനിന്നായിരുന്നു. എന്നിട്ടും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ ഫുട്ട്‌ ഓവർബ്രിഡ്‌ജ്‌ സ്ഥാപിക്കാൻ നടപടിയെടുത്തില്ല.

രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴും പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് പോകുമ്പോഴും ഒട്ടേറെപ്പേർ ടെയിനിടിച്ച് മരിച്ചിട്ടുണ്ട്. ടിക്കറ്റ് കരാർ അടിസ്ഥാനത്തിലാണ്‌. അതിനാൽ യാത്രക്കാർക്ക് പോകേണ്ട സ്ഥലത്തേക്ക്‌ ടിക്കറ്റ് കിട്ടാറില്ല. കാർഡ് ബോർഡ് പേപ്പറിൽ പ്രിന്റ്ചെയ്തു വെച്ചിരിക്കുന്ന ടിക്കറ്റ് പെരിനാട് സ്റ്റേഷനിൽനിന്നു കൊണ്ടുവന്ന് ഇവിടെ വിതരണം ചെയ്യുകയാണ്‌.

പാലരുവി എക്സ്‌പ്രസിന് ഇവിടെ സ്റ്റോപ്പുണ്ട്. പാലക്കാടിനു ടിക്കറ്റ് ചോദിച്ചാൽ കായംകുളത്തിനോ എറണാകുളത്തിനോ ടിക്കറ്റ് കൊടുത്തിട്ട് തുടർയാത്രയ്ക്ക്‌ അവിടെനിന്നു ടിക്കറ്റെടുക്കാൻ പറയും. സ്റ്റേഷന്റെ വരുമാനത്തെയും ഇത് ബാധിക്കുന്നു.

ടിക്കറ്റ് വിതരണം കംപ്യൂട്ടർവത്‌കരിക്കാൻ നടപടിയായിട്ടില്ല. പ്ലാറ്റ്ഫോമുകൾ കാടുമൂടിക്കിടക്കുന്നു. രാത്രിയിൽ മതിയായ വെളിച്ചമില്ല. പ്രാഥമികസൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. 21 കോച്ചുകൾ നിർത്താവുന്നതരത്തിൽ ഉയരംകൂട്ടി പ്ലാറ്റ്ഫോം നിർമിക്കണം. ഇങ്ങനെ നീളുന്നു പരാധീനതകളുടെ പട്ടിക…

ടൂറിസം രംഗത്ത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് മൺറോത്തുരുത്ത്‌. വിദേശികൾക്കു പുറമേ ഇതരസംസ്ഥാനങ്ങളിൽനിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നു. സ്റ്റേഷന്റെ വികസനവും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അത്യാവശ്യമാണ്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News