തിരുവോണദിവസം കെ റയില്‍ സില്‍വര്‍ലൈന്‍
ഭൂമിയേറ്റെടുക്കല്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കും

0

കൊച്ചി:കേന്ദ്ര സര്‍ക്കാരിന്റെയോ റയില്‍വേ ബോര്‍ഡിന്റെയോ അനുമതി ലഭിക്കുന്നതിനു മുന്‍പ് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് സംസ്ഥാന കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി വിലയിരുത്തി. പരിസ്ഥിതി ആഘാത പഠനവും സാമൂഹികാഘാത പഠനവും നടത്താന്‍ പതിനാലുമാസക്കാലാവധിക്ക് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കെ ജനങ്ങളെ ആശങ്കയിലും ഭീതിയിലുമാഴ്ത്തുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഭൂമിയും വീടും നഷ്ടപ്പെടുന്ന ഒരു ലക്ഷത്തോളം ആളുകള്‍ മാത്രമല്ല, ജീവനോപാധി നഷ്ടപ്പെടുന്നവരും റയില്‍വേ ലൈനിനടുത്ത് താമസിക്കേണ്ടി വരുന്ന ജനങ്ങളും പദ്ധതിയുടെ നേരിട്ടുള്ള ഇരകളാണ്.

വര്‍ഷാവര്‍ഷം കരകവിഞ്ഞൊഴുകുന്ന നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്കും പശ്ചിമഘട്ടത്തോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്കും ഈ പദ്ധതി വലിയ ദോഷം ചെയ്യും. ഇത്ര ചെറിയ ഒരു സംസ്ഥാനത്തെ നെടുകെ പിളര്‍ത്തു കൊണ്ട് ഒരു വന്മതില്‍ നിര്‍മിക്കുന്നത് നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കും എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ഇത്രമേല്‍ ജനങ്ങള്‍ക്കുമേല്‍ ആഘാതമേല്‍പിക്കുന്ന പദ്ധതിക്കായി കൃത്യമായി പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനായി നടപടി സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 18/8/2021 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധിച്ച് തിരുവോണത്തിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തും. വീടുകളും പൊതുസ്ഥലങ്ങളും വേദിയാക്കി ജനങ്ങള്‍ പ്രതിഷേധിക്കും.

വാര്‍ത്ത നല്‍കുന്നത്

എം പി ബാബുരാജ് (ചെയര്‍മാന്‍)
എസ് രാജീവന്‍ (ജന.കണ്‍വീനര്‍)
സംസ്ഥാന കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

Leave a Reply