Monday, January 17, 2022

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതിയുടെ ഉത്തരവ്

Must Read

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ഉത്തരവിലുണ്ട്. നഷ്ടപരിഹാരം നൽകണമെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എട്ടുവയസുള്ള പെൺകുട്ടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ജില്ലാ പൊലിസ് മേധാവി ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജനങ്ങളുമായി ഇടപെടുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നൽകണം. കോടതി ചെലവായി 25000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്യുന്നതിന്റെ വിഡിയോ ഉൾപ്പടെ പരിശോധിച്ചാണ് കോടതി അന്തിമ നിലപാടിലേക്ക് എത്തിച്ചേർന്നത്.

ഇന്നു കേസ് പരിഗണിക്കുമ്പോൾ കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു. മൂടിവയ്ക്കുന്നത് എല്ലാം ഒരു ദിവസം പുറത്തു വരും എന്ന് അറിയണം. പൊതുജന സേവകർക്ക് തെറ്റു സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനും അധികാരികൾ തയാറാകണം. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റു സംഭവിച്ചതാകാം. അതു കോടതി മനസിലാക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഉദ്യോഗസ്ഥയെ അവസാന ഘട്ടം വരെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത സർക്കാരിന് കടുത്ത തിരിച്ചടിയാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. പെൺകുട്ടിയുടെ മൗലിക അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും പൊതുജനങ്ങളുടെ മുന്നിൽ മനപ്പൂർവം പരിഹസിക്കുകയൊ ഭയപ്പെടുത്തുകയൊ ചെയ്തെന്നതിനു തെളിവില്ലെന്നുമായിരുന്നു സർക്കാർ വാദം.

മൊബൈൽ ഫോൺ മോഷണം പോയി എന്ന സംശയത്തെ തുടർന്നാണ് ഈ സംഭവമുണ്ടായതെന്നു ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഹർജിക്കാരിക്കു നഷ്ടപരിഹാരം നൽകുന്നത് മുഴുവൻ സേനയെയും മോശമായി ചിത്രീകരിക്കുന്നതിന് സാഹചര്യമുണ്ടാകും. ഇവരെ സ്ഥലം മാറ്റുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സേനയ്ക്കു മുഴുവൻ മുന്നറിയിപ്പു നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും അഡിഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിരുന്നു.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News