തിരുവനന്തപുരം മന്ത്രിയേയും ചെയര്‍മാനെയും വെല്ലുവിളിച്ച കെ.എസ്‌.ഇ.ബിയിലെ സി.പി.എം. അനുകൂല സംഘടനാനേതാക്കള്‍ക്കു സ്‌ഥലംമാറ്റ ഷോക്ക്‌!

0

തിരുവനന്തപുരം മന്ത്രിയേയും ചെയര്‍മാനെയും വെല്ലുവിളിച്ച കെ.എസ്‌.ഇ.ബിയിലെ സി.പി.എം. അനുകൂല സംഘടനാനേതാക്കള്‍ക്കു സ്‌ഥലംമാറ്റ ഷോക്ക്‌! അവധിയെടുക്കാതെ ജോലിയില്‍നിന്നു വിട്ടുനിന്നതിനു സസ്‌പെന്‍ഷനിലായ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജാസ്‌മിന്‍ ബാനുവിനെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരിച്ചെടുത്തെങ്കിലും തലസ്‌ഥാനത്തുനിന്നു പത്തനംതിട്ട ജില്ലയിലെ സീതത്തോട്‌ ഡിവിഷനിലേക്കു മാറ്റി. ജാസ്‌മിന്റെ സസ്‌പെന്‍ഷന്‍ ചോദ്യംചെയ്‌ത്‌ അച്ചടക്കനടപടി നേരിട്ട ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി. സുരേഷ്‌കുമാറിന്റെ സസ്‌പെന്‍ഷനും പിന്‍വലിച്ചു. എന്നാല്‍, അദ്ദേഹത്തെ പെരിന്തല്‍മണ്ണയിലേക്കു സ്‌ഥലംമാറ്റി.
അപ്രതീക്ഷിതനടപടിയുടെ ആഘാതത്തിലാണു മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയെ മച്ചിങ്ങയോടുപമിച്ച യൂണിയന്‍ നേതൃത്വം. മന്ത്രിയുടെയും ചെയര്‍മാന്റെയും അധികാരത്തില്‍ ഇടപെടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ പരസ്യമായി പരിഹസിച്ച യൂണിയന്റെ നേതാക്കളെ കാണാന്‍പോലും മന്ത്രി കൃഷ്‌ണന്‍കുട്ടി കൂട്ടാക്കിയില്ല. ചര്‍ച്ചയ്‌ക്കു ചെയര്‍മാന്‍ ബി. അശോകിനെ ചുമതലപ്പെടുത്തി മന്ത്രി തലസ്‌ഥാനം വിട്ടെങ്കിലും അദ്ദേഹവും അനുനയത്തിനു ശ്രമിച്ചില്ല. പകരം ബോര്‍ഡിലെ ഫിനാന്‍സ്‌ ഡയറക്‌ടറെ ചര്‍ച്ചയ്‌ക്കു നിയോഗിച്ചു. ആ ചര്‍ച്ചയ്‌ക്കു തൊട്ടുമുമ്പാണു നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സ്‌ഥലം മാറ്റിയത്‌. സ്‌ഥലംമാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും ചര്‍ച്ചയില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഫിനാന്‍സ്‌ ഡയറക്‌ടറെ അറിയിച്ചു. എന്നാല്‍, ബോര്‍ഡ്‌ അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചപൊളിഞ്ഞു. തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും ജാസ്‌മിന്‍ ബാനുവിനെ തിരുവനന്തപുരത്തു തിരികെനിയമിക്കുന്നതുവരെ സമരം തുടരുമെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്‌തമാക്കി.
മന്ത്രിയെ നേരില്‍ക്കണ്ട്‌ പ്രശ്‌നം പരിഹരിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സമയമനുവദിച്ചില്ല. എന്നാല്‍, നിവേദനം നല്‍കാനെത്തിയ സി.പി.ഐ. അനുകൂല ഇലക്‌ട്രിസിറ്റി ഓഫീസേഴ്‌സ്‌ ഫെഡറേഷന്‍ ഭാരവാഹികളെ മന്ത്രി കാണുകയും ചെയ്‌തു. സര്‍ക്കാരിനു കീറാമുട്ടിയായ വിഷയത്തില്‍ മുഖ്യമന്ത്രിയും സി.ഐ.ടി.യു. ഉന്നതനേതൃത്വവും മന്ത്രിക്കൊപ്പമാണ്‌.
മുന്‍ വൈദ്യുതിമന്ത്രി എ.കെ. ബാലനും സി.ഐ.ടി.യു. നേതാവ്‌ എളമരം കരീമും കഴിഞ്ഞദിവസം യൂണിയനെ തള്ളി മന്ത്രിയെ പിന്തുണച്ചിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗവും വിഷയം ചര്‍ച്ചചെയ്‌തില്ല. മന്ത്രി കൃഷ്‌ണന്‍കുട്ടിയാകട്ടെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്‌തു.

Leave a Reply