കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിൽ നാണക്കേട് തോന്നേണ്ടതില്ല; ആൺകുട്ടികളേയും പെൺകുട്ടികളേയും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പഠിപ്പിക്കണം; ആര്യ

0

അവതാരകയായും ബിഗ് ബോസ് മത്സരാർത്ഥിയായും മലയാളികൾക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് മലയാളി പ്രേക്ഷകരിൽ ആര്യ ഇടം നേടിയത്. പിന്നാലെ ബിഗ് ബോസിലും ആര്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇടൈംസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ നടത്തിയ തുറന്നു പറച്ചിലുകൾ ചർച്ചയായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് മുതൽ രമേശ് പിഷാരടിയുമായുള്ള സൗഹൃദം വരെയുള്ള വിഷയങ്ങളെക്കുറിച്ച് ആര്യ സംസാരിക്കുന്നുണ്ട്.

താൻ ബഡായി ബംഗ്ലാവ് മിസ് ചെയ്യുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. ”ഒരുപാട് സന്തോഷം തോന്നുന്നു. വർഷങ്ങൾക്ക് ശേഷവും ആളുകൾ ആര്യ ബഡായ് എന്ന് വിളിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു അത്. കോമഡി കൈകാര്യം ചെയ്യാൻ സാധിച്ചാൽ പിന്നെ എന്തും സാധിക്കുമെന്നാണ് പറയാറുളളത്. കോമഡി ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. അത് സത്യമാണ്. നമുക്ക് ഉർവശിയേയും കൽപ്പനയേയും പകരം വെക്കാനാകില്ല. അവരൊക്കെ മാജിക്ക് കാണിച്ചൊരു ഴോണറിൽ ചെറിയൊരു ഭാഗം ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു” എന്നാണ് ആര്യ പറഞ്ഞത്.

”ഞാനും രമേശ് പിഷാരടിയും തുടക്കത്തിൽ ശരിക്കും ടോം ആന്റ് ജെറിയെ പോലെ തന്നെയായിരുന്നു. ഞങ്ങൾക്കിടയിലൊരു ശീതയുദ്ധമുണ്ടായിരുന്നു. ഞാനന്ന് ഒരു തുടക്കക്കാരി മാത്രമായിരുന്നു. എനിക്ക് കോമഡി ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം നിർദ്ദേശങ്ങൾ നൽകുമായിരുന്നു. പക്ഷെ വളരെ ഗൗരവ്വത്തിലായിരുന്നു സംസാരിക്കുക. എനിക്ക് അത് ഇഷ്ടമായില്ല. ഇയാൾക്ക് ഇത് ചിരിച്ചു കൊണ്ട് ചെയ്തുകൂടേ? എന്നായിരുന്നു. ഈ കോൾഡ് വാർ ആണ് ഓൺ സ്‌ക്രീനിൽ വൈബുണ്ടാക്കിയത്. കാലം കഴിഞ്ഞഫ്‌പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പിഷാരടി. കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള സുഹൃത്തും വഴികാട്ടിയും” എന്നും ആര്യ പറഞ്ഞു.

സൈബർ ആക്രമണങ്ങളെക്കുറിച്ചും ആര്യ മനസ് തുറക്കുന്നുണ്ട്. ”ഓൺലൈനിൽ ആക്രമിക്കുന്നവർക്ക് നമ്മളെ പറ്റി ഒന്നും തന്നെ അറിയില്ല. നമ്മളുടെ യാത്രയോ കഷ്ടപ്പാടുകളോ ഒന്നും അറിയില്ല. ഒരു കാരണവുമില്ലാതെയാണ് അസഭ്യം പറയുന്നത്. ഞാൻ വിശ്വസിക്കുന്നത്, നമ്മളെ ആരെങ്കിലും ഓൺലൈനിൽ അസഭ്യം പറയുന്നുണ്ടെങ്കിൽ അത് വെളിവാക്കുന്നത് അവരെ വളർത്തിയത് എങ്ങനെയാണെന്നാണ്. അവരുടെ ക്യാരക്ടർ ആണ് കാണിക്കുന്നത്. അവർക്ക് അതേക്കുറിച്ച് ആശങ്കയില്ലെങ്കിൽ നമ്മളെന്തിന് ചിന്തിക്കണം” എന്നായിരുന്നു ആര്യ പറഞ്ഞത്.

തന്റെ ഏറ്റവും വലിയ ഭയവും ആര്യ തുറന്ന് പറയുന്നുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതാണ് തനിക്ക് ഏറ്റവും ഭയമുണ്ടാക്കുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. മറ്റൊന്നും തന്നെ തനിക്ക് പ്രധാനപ്പെട്ടതല്ല. എന്നന്നേക്കുമായി ഒരാളെ നഷ്ടമാകുന്നത് ആയാലും തന്റെ ജീവിതത്തിൽ നിന്നും പോകുന്നതായാലും അത് തനിക്ക് വളരെയധികം വേദനയുണ്ടാക്കുമെന്നും ആര്യ പറയുന്നത്. തനിക്കത് സഹിക്കാനാകില്ലെന്നും ആര്യ പറയുന്നു. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആര്യ മനസ് തുറക്കുന്നുണ്ട്.

”നമ്മളുടെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിൽ നാണക്കേട് തോന്നേണ്ടതില്ല. നമ്മൾ ജീവിക്കുന്ന ലോകം ഇന്ന് സുരക്ഷിതമല്ല. നവജാത ശിശു പോലും ഇവിടെ സുരക്ഷ അനുഭവിക്കുന്നില്ല. കുട്ടികളെ ഇതേക്കുറിച്ച് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്‌കൂളുകൾ ഏറ്റെടുക്കണമെന്നാണ് തോന്നുന്നത്. നമുക്ക് മോറൽ സയൻസ് എന്നൊരു പിരിയഡ് ഉണ്ടെങ്കിലും ഇതൊന്നും അഡ്രസ് ചെയ്യപ്പെടുന്നില്ല. സ്‌കൂളുകൾ ആ ചുവടുവെപ്പിന് തയ്യാറാകുന്നില്ലെങ്കിൽ രക്ഷിതാക്കൾ തയ്യാറാകണം. ഈയ്യടുത്ത് ഒരു ഒമ്പത് വയസുകാരൻ കോടതിയിൽ ബാഡ് ടച്ചിനെക്കുറിച്ച് പറഞ്ഞത് എല്ലാ മാതാപിതാക്കളുടേയും കണ്ണ് തുറന്നിട്ടുണ്ടാകണം. ആൺകുട്ടികളേയും പെൺകുട്ടികളേയും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പഠിപ്പിക്കണം. വീട്ടിൽ നിന്നു തന്നെ ആരംഭിക്കണം” എന്നാണ് ആര്യയുടെ നിലപാട്.

അതേസമയം രജിത് കുമാറിനെ ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥിയായി കാണാൻ താൻ ആഗ്രഹിക്കുന്നതായും ആര്യ പറഞ്ഞു. ”ഇത് ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ രജിത് കുമാറിനെ ബിഗ് ബോസ് സീസൺ ഫോറിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബിഗ് ബോസിനകത്ത് സഹ മത്സരാർത്ഥിയായിട്ടാണ് അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളത്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹമൊരു നല്ല മത്സാർത്ഥിയാണ്. അതിനാൽ ഒരു കാഴ്ചക്കാരിയെന്ന നിലയിൽ കണ്ടു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത തന്ത്രം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ പറ്റുമോ എന്ന് നോക്കണം” എന്നായിരുന്നു ആര്യ പറഞ്ഞത്.

Leave a Reply