Home Kerala കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; യാഥാർത്ഥ്യമാകാൻ കടമ്പകളേറെ

കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; യാഥാർത്ഥ്യമാകാൻ കടമ്പകളേറെ

0

തിരുവനന്തപുരം: തൊഴിലാളികളുടെ പ്രതിഷേധത്തിന് അറുതി വരുത്താൻ കെ.എസ്.ആര്‍.ടി.സിശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും അത് യാഥാർത്ഥ്യമാകാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. 15 കോടി രൂപയെങ്കിലും അധികമായി നൽകിയാൽ മാത്രമേ എല്ലാവർക്കും ശമ്പളം നൽകാനാകൂ. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ അവധി അനുവദിക്കുന്നത് ബാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്.

തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതിന് മുൻപ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. ഇപ്പോൾ 25793 ജീവനക്കാരാണ് കെ.എസ്.ആർ.ടി.സി യിൽ ഉള്ളത്. പുതിയ ശമ്പള സ്കെയിൽ പ്രകാരം 11 ഗ്രേഡുകളിലായി അടിസ്ഥാന ശമ്പളം 23000 രൂപ മുതൽ 1,18,000 രൂപ വരെയാണ്. നിലവിൽ 84 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതോടെ 15 കോടി രൂപ അധികമായി കണ്ടെത്തണം.

കെ സ്വിഫ്റ്റ് പ്രാബല്യത്തിലായാൽ ദീർഘദൂര ബസ്സുകളും അതിന്‍റെ വരുമാനവും അങ്ങോട്ടേക്ക് മാറ്റേണ്ടിവരും. ബാധ്യത മറികടക്കാൻ അധിക വരുമാനം കണ്ടെത്തണമെന്ന് പറയുന്നതല്ലാതെ വ്യക്തമായ പദ്ധതി സർക്കാരിനും ഇല്ല. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ 5 വർഷം അവധി നൽകാമെന്ന് പ്രാഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ ഇതിന് തയ്യാറാകുമെന്നതും കണ്ട് അറിയണം.

അതേസമയം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍ പുതിയ നിരക്കിലുള്ള ശമ്പളം ലഭിച്ചു തുടങ്ങുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ശമ്പളം പരിഷ്ക്കരിക്കുന്നത്

നിലവിലുള്ള അടിസ്ഥാന ശമ്പളം 8730/- രൂപയില്‍ നിന്നും 23,000/- രൂപയായി വര്‍ദ്ധിപ്പിക്കാൻ തീരുമാനമായി. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്കെയിലില്‍ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവന്‍സ് 10 ശതമാനം നിലനിര്‍ത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് 6 മാസം പ്രസവാവധിയ്ക്ക് പുറമെ 5000 രൂപ അലവന്‍സോട് കൂടി ഒരു വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിക്കും.

സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്കരണത്തിലുണ്ട്. വീട്ടു വാടക ബത്ത 4 ശതമാനം നിരക്കില്‍ കുറഞ്ഞത് 1200/- രൂപ മുതല്‍ 5000/- രൂപ വരെ വര്‍ദ്ധിപ്പിക്കും. ‍ഡി.സി.ആര്‍.ജി. 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. പ്രമോഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിക്കും.

എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും. അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വര്‍ഷം വരെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും.

പെന്‍ഷന്‍ പരിഷ്കരണം സംബന്ധിച്ച് പെന്‍ഷന്‍കാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എംപാനല്‍ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ 3 അംഗ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായതിനാല്‍ 2022 ജനുവരിയില്‍ ആരംഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ജീവനക്കാര്‍ക്കായി ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നത് കണക്കിലെടുത്ത് ജീവനക്കാര്‍ സംതൃപ്തരാകുമെന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ആന്റണി രാജു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം 9ാം തീയതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെ ഗതാഗത മന്ത്രി ആന്റണി രാജു നിസ്സാരവൽക്കരിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പുനല്കിയപ്പോഴും ശമ്പളം എപ്പോൾ നൽകുമെന്ന് വ്യക്തമാക്കാതെയായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 9 തീയതി ആയിട്ടും നൽകിയില്ലല്ലോ എന്ന ചോദ്യത്തിന് മന്ത്രി നൽകിയത് അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു. ഈ മാസം 9 അല്ലെ ആയുള്ളൂ ഇനിയും 21 ദിവസമുണ്ടല്ലോ എന്നായിരുന്നു മന്ത്രിയുടെ വിചിത്ര മറുപടി.

NO COMMENTS

Leave a Reply