Sunday, October 17, 2021

തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ യുവാവ് രാത്രിയിൽ തല്ലിത്തകർത്തു

Must Read

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ യുവാവ് രാത്രിയിൽ തല്ലിത്തകർത്തു. ശനിയാഴ്ച അർധരാത്രിയോടെ തമ്പാനൂർ ഫ്ലൈ ഓവറിനടുത്തുള്ള പാർക്കിങ് സ്ഥലത്താണ് സംഭവം.

കാറുകളുടെ ചില്ലുകൾ കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിക്കുകയും അകത്തുകടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകൾ തുടങ്ങിയവ വലിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിലെ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകൾക്കകം പിടിയിലായി. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഒരാളാണ് വാഹനങ്ങൾ തകർത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറിൽനിന്ന് ഇയാളുടെ പഴ്‌സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. പഴ്‌സിൽ ആധാർ കാർഡും മറ്റു തിരിച്ചറിയൽ വിവരങ്ങളുമുണ്ടായിരുന്നു.

ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കാറുകൾ തകർത്തസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്നത് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഹരികിട്ടാത്ത മാനസികാവസ്ഥയിൽ പണത്തിനായാണോ അതിക്രമം കാട്ടിയതെന്നും സംശയിക്കുന്നു. തല്ലിത്തകർത്ത കാറുകളിൽനിന്ന് മൊബൈൽ ചാർജറുകൾ, കാർ വാഷ് തുടങ്ങിയവ നഷ്ടമായിട്ടുണ്ട്.

10 പരാതികൾ റെയിൽവേ പോലീസിന് ലഭിച്ചു. ഉടമസ്ഥർ കാർ എടുക്കാനായി എത്തിയപ്പോഴാണ് വിവരം അറിയുന്നത്. കാറുടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ തല്ലിത്തകർത്തിട്ടും ജീവനക്കാർ ഒന്നും അറിഞ്ഞില്ല. പണംനൽകി പാർക്ക് ചെയ്യുന്ന സ്ഥലത്ത് വേണ്ടത്ര ജീവനക്കാരില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.

സുരക്ഷാ വീഴ്ചയെന്ന് ആരോപണം

തിരുവനന്തപുരം: റെയിൽവേ പാർക്കിങ് സ്ഥലത്ത് കടന്നുകയറി യുവാവ് അതിക്രമം കാണിച്ചത് സുരക്ഷാ വീഴ്ചയെന്ന്‌ ആരോപണം.

റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സിന്റെ സംരക്ഷണയിൽ വരുന്ന സ്ഥലമാണിത്. രാത്രി ഇതുവഴി ആർ.പി.എഫിന്റെ ബീറ്റ് സംഘം പോകേണ്ടതുമാണ്. ബീറ്റ് പോലീസ് പോയശേഷമാണ് അക്രമമുണ്ടായതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

പാർക്കിങ് സ്ഥലത്തെ അവസാനയറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകളാണ് തല്ലിത്തകർത്തത്. ഇതിൽ റെയിൽവേയിലെ ഒരു ജീവനക്കാരന്റെ കാറുമുണ്ടായിരുന്നു. ഇവിടെ പാർക്കിങ് കരാറുകാരുടെ ജീവനക്കാരും ഉണ്ടായിരുന്നില്ല. ഇവിടത്തെ മിക്ക നിരീക്ഷണ ക്യാമറകളും പ്രവർത്തിക്കുന്നില്ല.

അക്രമി തകർത്ത കാറുകളുടെ ഉടമകൾക്കുണ്ടായ കനത്ത നഷ്ടം ആരു നികത്തുമെന്നതിനും വ്യക്തതയില്ല. 19 കാറുകളുടെ ചില്ലുകളടക്കമാണ് ഇടിച്ച് പൊട്ടിച്ചത്. ഡാഷ് ബോർഡുകളും അക്രമി തകർത്തു. ഈ നഷ്ടം പാർക്കിങ് കരാറുകാരോ റെയിൽവേയോ ഏറ്റെടുക്കാനും സാധ്യതയില്ല. തല്ലിത്തകർത്തതായതിനാൽ വാഹനങ്ങളുടെ ഇൻഷുറൻസ് ലഭിക്കാനും നിരവധി നൂലാമാലകളുണ്ട്. പലർക്കും സ്വന്തം ചെലവിൽ കേടുപാടുകൾ പരിഹരിക്കേണ്ടി വരും.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News