കായംകുളം: യുവാവിനെ വീടിന് സമീപത്തെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുങ്ങാല ഊടത്തില്മുക്കിന് സമീപം കൃഷ്ണാലയത്തില്‍ കൊച്ചുനാരായണന്റെ മകന് കൃഷ്ണകുമാര്‍(45)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 നാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടത്.
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സമീപത്തുനിന്ന് പട്ടികക്കഷണവും രണ്ടു ജോഡി ചെരുപ്പും ഒരു തോര്‍ത്തും കണ്ടെടുത്തു. പട്ടിക സമീപത്തെ അംഗന്‍വാടി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് ഊരിയെടുത്തതാണെന്ന് കരുതുന്നു. ഭാര്യയും മക്കളും ഭാര്യവീട്ടിലേക്ക് പോയിരുന്നതിനാല്‍ കൃഷ്ണകുമാര്‍ ഒറ്റയ്ക്കായിരുന്നു താമസം. മെക്കാനിക്കായ കൃഷ്ണകുമാര്‍ സംഭവദിവസം ജോലി കഴിഞ്ഞ് ഭാര്യവീട്ടിലെത്തിയശേഷം രാത്രി കഴിക്കാനുള്ള ഭക്ഷണവുമായാണ് സ്വന്തം വീട്ടിലേക്ക് വന്നത്. പ്രദേശത്ത് സാമൂഹികവിരുദ്ധരെത്തി മദ്യപിക്കാറുണ്ട്. രാത്രിയില്‍ ഇവിടെ ബഹളം കേട്ടതായി പറയുന്നെങ്കിലും സമീപവാസികളാരും ഇവിടേക്ക് വന്നില്ല.
കൃഷ്ണകുമാര്‍ വീട്ടിലേക്ക് വന്നപ്പോള്‍ മദ്യപിച്ച് നിന്നവരുമായി വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് വീട്ടിലെത്തി ഭക്ഷണവും ബൈക്കും അവിടെ വച്ച ശേഷം വീണ്ടും തര്‍ക്കമുണ്ടായ ഭാഗത്തേക്ക് പോയതാകാമെന്നും കരുതുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണം പിടിച്ച് പോലീസ് നായ അംഗന്‍വാടിക്ക് മുന്‍വശത്തുനിന്നു റോഡിലൂടെ കുറെ ദൂരം ഓടി. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ശരണ്യയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കള്‍: സൂര്യ, ആകാശ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.