പാലക്കാട് : തിങ്കളാഴ്ച ഉച്ചയ്ക്കു മലമ്പുഴ ചെറാട് എലിച്ചിരം കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ ഇന്നലെയും രക്ഷിക്കാനായില്ല. മലമ്പുഴ ചെറാട് സ്വദേശി റഷീദയുടെ മകന് ബാബു(23)വാണു ഭക്ഷണവും വെള്ളവും പോലും കിട്ടാതെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ കൊച്ചിയില്‍നിന്നു തീരരക്ഷാസേനയുടെ ഹെലികോപ്ടര്‍ എത്തിയെങ്കിലും പ്രതികൂല സാഹചര്യത്താല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. രക്ഷാപ്രവര്‍ത്തനത്തിനായി കൂനൂര്‍ വെല്ലിങ്ടണ്ണില്‍ നിന്നുള്ള കരസേനാ സംഘം ഇന്നലെ രാത്രി 11 മണിയോടെ മലമ്പുഴയിലെത്തി. പുലര്‍ച്ചയോടെ രഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് സേനാംഗങ്ങള്‍ അറിയിച്ചു.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കൂമ്പാച്ചി മല കയറിയ ബാബു അബദ്ധത്തില്‍ പാറയിടുക്കിലേക്കു വീണതായാണു കരുതുന്നത്. സുഹൃത്തുക്കള്‍ തിരിച്ചിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. പാറയിടുക്കില്‍ കുടുങ്ങിയിരിക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ ബാബുവും കൂട്ടുകാര്‍ക്ക് അയയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ടുതന്നെ പോലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ചെങ്കുത്തായ മലയില്‍ രക്ഷാദൗത്യം വിജയിച്ചില്ല.
സഹായം തേടിയതിനെത്തുടര്‍ന്നു തീരരക്ഷാസേന ഹെലികോപ്ടര്‍ അയച്ചെങ്കിലും ശക്തമായ കാറ്റും മറ്റും തടസമായി. ബാബുവിന്റെ കാലിന് പരുക്കേറ്റതായും വെള്ളം വേണമെന്നും ആവശ്യപ്പെടുന്നതായി ഹെലിക്യാമറ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ കാണുന്നുണ്ട്. ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ദുരന്തനിവാരണ സേനാംഗങ്ങള്‍ മലമുകളിലെത്തിയിട്ടുണ്ട്. എന്നാല്‍, ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഇറങ്ങാന്‍ സൗകര്യമില്ല. കരസേന രാത്രി രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. വ്യോമസേനയുടെ കമാന്‍ഡോകളും എത്തും. നിലവില്‍ ബാബുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥന്, എ.ഡി.എം: കെ. മണികണ്ഠന് എന്നിവരും സ്ഥലത്തെത്തിയിരുന്നു. മലമ്പുഴ ചെറാടുനിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ചെങ്കുത്തായ കൂമ്പാച്ചി മല. ആയിരം മീറ്ററോളം ഉയരമുള്ള മലയില്‍ കഷ്ടിച്ചു മൂന്നടി നീളമുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിക്കിടക്കുന്നത്.