വിവാഹ പിറ്റേന്ന്‌ ആഭരണങ്ങളും പണവുമായി മുങ്ങിയ യുവാവ്‌ അറസ്‌റ്റില്‍

0

അടൂര്‍: വിവാഹ പിറ്റേന്ന്‌ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ്‌ അറസ്‌റ്റില്‍. കായംകുളം എം.എസ്‌.എച്ച്‌എസ്‌.എസിന്‌ സമീപം തെക്കേടത്ത്‌ തറയില്‍ അസറുദ്ദീന്‍ റഷീദി(30)നെയാണ്‌ വധുവിന്റെ പിതാവിന്റെ പരാതിയിന്മേല്‍ വിശ്വാസ വഞ്ചനയ്‌ക്ക്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ജനുവരി 30ന്‌ ആദിക്കാട്ടുകുളങ്ങര എസ്‌.എച്ച്‌. ഓഡിറ്റോറിയത്തിലാണ്‌ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്‌.
തുടര്‍ന്ന്‌ വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31 ന്‌ പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന്‌ അപകടം പറ്റിയെന്നും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടു പോയിട്ട്‌ വരാമെന്നും പറഞ്ഞാണ്‌ അസറുദ്ദീന്‍ വധൂഗൃഹത്തില്‍നിന്നു പോയത്‌. പിന്നീട്‌ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന്‌ നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന്‌ മനസിലായി.
തുടര്‍ന്ന്‌ വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം പരാതി നല്‍കി. അന്വേഷണത്തില്‍ അസറുദ്ദീന്‍ രണ്ട്‌ വര്‍ഷം മുന്‍പ്‌ ചേപ്പാട്‌ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നതായി മനസിലാക്കിയ പോലീസ്‌ ഇവരുടെ വീട്ടില്‍നിന്ന്‌ അസറുദ്ദീനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കൈയേറ്റം ചെയ്‌തതിന്‌ നാലു പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.

Leave a Reply