ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ ആദ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അപകടത്തിൽ കാണാതായ വ്യോമസേന പൈലറ്റ് കമാൻഡർ നിഷാന്ത് സിങിനായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വിമാന അവശിഷ്ടങ്ങൾ ലഭിച്ച മേഖലയിൽ കൂടുതൽ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയ്നിയായ രണ്ടാം പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
റഷ്യൻ നിർമിത ഇരട്ട സീറ്റർ യുദ്ധവിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിഷാന്ത് സിങ് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിഷാന്തിന്റെ ഇജക്ഷൻ സീറ്റില്ലെണ് നാവികസേനയിലെവിദഗ്ധർ വ്യക്തമാക്കി.
പൈലറ്റ് ഇജക്ട് ചെയ്ത് കടലിലേക്ക് ചാടുമ്പോൾ വിമാനം വളരെ താഴ്ന്നാണ് പറന്നിരുന്നതെന്നാണ് സൂചന. സീറ്റ് ഇജക്ട് ചെയ്ത ശേഷം രണ്ടാമതൊരു പാരച്യൂട്ട് താഴ്ന്നിറങ്ങുന്നതായി കണ്ടിരുന്നുവെന്ന് അപകടത്തിൽ രക്ഷപ്പെട്ട ട്രെയ്നി പൈലറ്റ്പറഞ്ഞതായും നാവിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യൻ നിർമിത കെ-36ഡി 3.5 ഇജക്ഷൻ സീറ്റാണ് മിഗ്-29കെ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇജക്ഷൻ ഹാൻഡിൽ വലിക്കുമ്പോൾ ആദ്യം പിൻസീറ്റും പിന്നീട് മുന്നിലെ പൈലറ്റ് സീറ്റുമാണ് വിമാനത്തിൽ നിന്ന് അടർന്നുമാറുക.
English summary
The wreckage of a MiG-29K fighter jet found in the Arabian Sea after taking off from the aircraft carrier INS Vikramaditya