Wednesday, October 27, 2021

മുത്തലാഖ്‌ ചൊല്ലി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ്‌ ക്രൂരമായി മര്‍ദിച്ചതായി യുവതിയുടെ പരാതി

Must Read

അടിമാലി: മുത്തലാഖ്‌ ചൊല്ലി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ്‌ ക്രൂരമായി മര്‍ദിച്ചതായി യുവതിയുടെ പരാതി. മുത്തലാഖ്‌ നിരോധിച്ച ശേഷവും മുത്തലാഖ്‌ ചൊല്ലി ഉപേക്ഷിച്ചതിനെതിരേ കോടതിയില്‍നിന്നുള്ള പോലീസ്‌ സംരക്ഷണ ഉത്തരവുമായി എത്തിയ തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണു കൊന്നത്തടി കണിച്ചാട്ട്‌ ഖദീജയുടെ പരാതി. മര്‍ദനത്തില്‍ പരുക്കേറ്റു കോതമംഗലം ബസേലിയോസ്‌ ആശുപത്രിയില്‍ കഴിയുന്ന ഖദീജയുടെ മൊഴിയനുസരിച്ച്‌ വെള്ളത്തൂവല്‍ പോലീസ്‌ ഭര്‍ത്താവ്‌ പരീതി(കുഞ്ഞുമോന്‍)നെതിരേ കേസെടുത്തു.
ഭര്‍ത്താവിനും രണ്ടാം ഭാര്യയ്‌ക്കുമൊപ്പം കഴിഞ്ഞിരുന്ന തന്നെ ചൊവ്വാഴ്‌ച ഉച്ചയോടെ ക്രൂരമായി മര്‍ദിച്ചെന്നാണു യുവതിയുടെ മൊഴി. സാരമായി പരുക്കേറ്റ ഇവരെ ആദ്യം അടിമാലി താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ വിദഗ്‌ധ ചികത്സയ്‌ക്കായി കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. താടിയെല്ലു പൊട്ടിയതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു ഡോക്‌ടര്‍ പറഞ്ഞു.
2019 സെപ്‌റ്റംബര്‍ 5 ന്‌ തലാഖ്‌ ചൊല്ലിയാണ്‌ പരീത്‌ ഇവരുമായി ബന്ധം വേര്‍പെടുത്തിയത്‌. തലാഖ്‌ നിരോധനത്തിനുശേഷം സംസ്‌ഥാനത്ത്‌ ആദ്യം റിപ്പോര്‍ട്ടുചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്‌. തലാഖ്‌ ചൊല്ലല്‍ ദിവസം വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ പരീത്‌ ഖദീജയെ വാക്കത്തി ഉപയോഗിച്ച്‌ വെട്ടിയെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴത്തിലുള്ള രണ്ടു വെട്ട്‌ ഏറ്റിരുന്നെന്നും ഇവരുടെ മകന്‍ കമറുദ്ദീന്‍ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ കേസെടുക്കാന്‍ പോലീസ്‌ തയാറായിട്ടില്ലന്നും മകന്‍ കമറുദ്ദീന്‍ ആരോപിച്ചു.
രണ്ടാംഭാര്യയെ കൂടെ താമസിപ്പിക്കുന്നതിനായി ആദ്യ ഭാര്യയായ ഖദീജയെ മുത്തലാഖ്‌ ചൊല്ലി ഒഴിവാക്കുകയായിരുന്നു. നിയമയുദ്ധത്തിനൊടുവില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയുമൊത്ത്‌ താമസിച്ചിരുന്ന വീട്ടില്‍ പോലീസ്‌ സംരക്ഷണയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ഖദീജയ്‌ക്ക്‌ അനുമതി നല്‍കി തൊടുപുഴ സെഷന്‍സ്‌ കോടതി ഉത്തരവിട്ടു. ഭര്‍ത്താവ്‌ മറ്റൊരു യുവതിയെ വിവാഹംകഴിച്ചു വീട്ടില്‍കൊണ്ടുവരികയും ഇത്‌ ചോദ്യം ചെയ്‌തപ്പോള്‍ തന്നെ മാനസികമായും ശാരീകമായും ഉപദ്രവിച്ചെന്നും മുത്തലാഖ്‌ ചൊല്ലി വീട്ടില്‍നിന്ന്‌ ഇറക്കിവിട്ടെന്നുമായിരുന്നു ഖദീജ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിലെ പ്രധാന ആരോപണം.
ഇതിനിടെ പരീത്‌ വീടും സ്‌ഥലവും സ്വന്തം ഉമ്മയുടെ പേരിലേക്ക്‌ മാറ്റുകയും ഖദീജ വീട്ടില്‍ താമസിക്കുന്നതു വിലക്കിക്കൊണ്ടു കോടതി ഉത്തരവ്‌ സമ്പാദിക്കുകയും ചെയ്‌തു. ഖദീജയോട്‌ വാടകവീട്ടിലേക്കു മാറാനും ഈ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ വീണ്ടും അടിമാലി കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ്‌ ലഭിച്ചില്ല. തുടര്‍ന്നാണ്‌ തൊടുപുഴ സെഷന്‍സ്‌ കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ്‌ നേടിയത്‌. കോടതി ഉത്തരവ്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഖദീജ പോലീസിനെ രേഖാമൂലം അറിയിക്കുകയും വിധി പകര്‍പ്പ്‌ കൈമാറുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ ഖദീജയ്‌ക്ക്‌ പരീതിന്റെ വീട്ടില്‍ താമസിക്കുന്നതിന്‌ പോലീസ്‌ സൗകര്യമൊരുക്കിയത്‌. ഇതിനിടെയായിരുന്നു മര്‍ദനം. ഇവരുടെ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ വിവിധ ഭാഗത്തു നിന്നും ഉണ്ടായിരുന്നതായും പുതിയ സംഭവത്തില്‍ കേസെടുത്ത്‌ അനേ്വഷണം ഊര്‍ജിതമാക്കിയെന്നും വെള്ളത്തൂവല്‍ എസ്‌.എച്ച്‌.ഒ: ആര്‍ കുമാര്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരീത്‌ ഒളിവിലാണ്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News