സൈദ്ധാന്തികമാസികയിലൂടെ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ കഴിഞ്ഞ കുറേദിവസമായി നടന്നുവരുന്ന പോര്‌ വ്യക്‌തിപരമായി മറനീക്കി പുറത്തുവരുന്നു

0

തിരുവനന്തപുരം: സൈദ്ധാന്തികമാസികയിലൂടെ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ കഴിഞ്ഞ കുറേദിവസമായി നടന്നുവരുന്ന പോര്‌ വ്യക്‌തിപരമായി മറനീക്കി പുറത്തുവരുന്നു.
അംബേദ്‌കര്‍ ജയന്തിദിവസം നിയമസഭയിലെ അംബേദ്‌കര്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വാര്‍ത്തയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ നിന്നു സി.പി.ഐ അംഗമായ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഒഴിവാക്കിയതാണ്‌ പുതിയ വിവാദത്തിന്‌ വഴിവച്ചത്‌. ചിറ്റയം ഗോപകുമാര്‍ തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച്‌. വിഷയം വിവാദമായതോടെ സി.പി.ഐ. നേതൃത്വം സി.പി.എമ്മിനു പരാതി നല്‍കി. തുടര്‍ന്ന്‌, സി.പി.എം. നേതാക്കള്‍ ഡെ. സ്‌പീക്കറുമായി സംസാരിക്കുകയും ഭാവിയില്‍ ഇത്തരം വീഴ്‌ചകള്‍ ആവര്‍ത്തിക്കില്ലെന്നു ഉറപ്പു നല്‍കുകയും ചെയ്‌തതോടെ അദ്ദേഹം പോസ്‌റ്റ്‌ പിന്‍വലിച്ചു. അടൂരില്‍ തന്റെ ഭൂരിപക്ഷം കുറയാന്‍ കാരണം സി.പി.എം. ആണെന്ന്‌ നേരത്തെ ചിറ്റയം ആരോപിച്ചിരുന്നു.ഏപ്രില്‍ 14-ന്‌ ഡോ.ബി.ആര്‍. അംബേദ്‌കറുടെ ജന്മദിനത്തില്‍ നിയമസഭാ സമുച്ചയത്തിലെ അംബേദ്‌ക്കര്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിന്റെ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രിമാരായ കെ. രാധാകൃഷ്‌ണന്‍, വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ഡെ. സ്‌പീക്കറായ ചിറ്റയം ഗോപകുമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പേരും ചിത്രവും ഉണ്ടായിരുന്നില്ല.
ഇതോടെയാണ്‌ ഫേസ്‌ബുക്കില്‍ പരിഭവവുമായി അദ്ദേഹം എത്തിയത്‌. സി.പി.ഐ പ്രതിനിധി ആയതുകൊണ്ടാണോ തന്നെ ഒഴിവാക്കിയതെന്നാണ്‌ ചിറ്റയം ചോദിച്ചത്‌.പുഷ്‌പാര്‍ച്ചന നടത്തുവാന്‍ മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കര്‍ എന്ന നിലയില്‍ താനും ഒരുമിച്ചാണ്‌ വന്നതെന്ന്‌ അദ്ദേഹം പോസ്‌റ്റില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലെ വാച്ച്‌ ആന്റ്‌ വാര്‍ഡിന്റെ സല്യൂട്ട്‌ സ്വീകരിച്ചതും താനാണ്‌. അതിന്‌ ശേഷം താനും മന്ത്രിമാരും ഒരുമിച്ചാണ്‌ പുപ്പാര്‍ച്ചന നടത്തിയത്‌. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം?. പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ ചിറ്റയം ഇല്ലായിരുന്നതുകൊണ്ടാണ്‌ ഫോട്ടോയുടെ അടിക്കുറിപ്പില്‍ പേരുനല്‍കാത്തതെന്ന്‌ ഇതിന്‌ പത്രം വിശദീകരണം നല്‍കി. അഞ്ചാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അദ്ദേഹത്തിന്റെ പേരുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here