Wednesday, December 1, 2021

സംഭരണികള്‍ നിറഞ്ഞു ; തീരങ്ങളില്‍ ജാഗ്രത , ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും

Must Read

തിരുവനന്തപുരം : സംസ്‌ഥാനത്തു നാളെമുതല്‍ രണ്ടുദിവസം അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കുന്നതു തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിദഗ്‌ധസമിതിയെ ചുമതലപ്പെടുത്തി. അണക്കെട്ടുകളില്‍ അതീവജാഗ്രതാനിര്‍ദേശം.
ഏതൊക്കെ അണക്കെട്ടുകള്‍ തുറക്കണമെന്നു വിദഗ്‌ധസമിതി തീരുമാനിക്കും. തുറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ വിവരം ജില്ലാ കലക്‌ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കിവേണം ഷട്ടറുകള്‍ ഉയര്‍ത്താനെന്നും യോഗം നിര്‍ദേശിച്ചു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍നിന്ന്‌ ആളുകളെ ഒഴിപ്പിക്കും. വന്‍വെള്ളക്കെട്ടുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടരുത്‌. സംസ്‌ഥാനത്തു 184 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവിടങ്ങളില്‍ ഭക്ഷണം, വസ്‌ത്രം, കിടക്കകള്‍ എന്നിവ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യൂ വകുപ്പിനു പുറമെ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശികകൂട്ടായ്‌മകളുടെ സഹായം തേടണം. റവന്യൂ, വൈദ്യുതിവകുപ്പ്‌ മന്ത്രിമാരും ചീഫ്‌ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.
കെ.എസ്‌.ഇ.ബിക്കു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, പമ്പ തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്‌, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ അണക്കെട്ടുകളില്‍ ഇന്നലെ രാവിലെ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി-ഓറഞ്ച്‌ അലെര്‍ട്ട്‌. എറണാകുളം ജില്ലയിലെ ഇടമലയാറില്‍ ബ്ലൂ അലെര്‍ട്ട്‌. ജലസേചനവകുപ്പിന്റെ പീച്ചി, ചിമ്മിനി അണക്കെട്ടുകളില്‍ റെഡ്‌ അലെര്‍ട്ടും കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗലം എന്നിവിടങ്ങളില്‍ ഓറഞ്ച്‌ അലെര്‍ട്ടും വാഴാനി, പോത്തുണ്ടി എന്നിവിടങ്ങളില്‍ ബ്ലൂ അലെര്‍ട്ടും പ്രഖ്യാപിച്ചു.

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും

ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട്‌ ഇന്നു രാവിലെ 11-നു തുറക്കുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. രണ്ട്‌ ഷട്ടറുകള്‍ 50 സെ.മീ. തുറന്ന്‌ 100 ക്യുമക്‌സ്‌ (ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കാനാണു തീരുമാനം.
വരുംദിവസങ്ങളില്‍ അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ ജലനിരപ്പ്‌ 2395-2396 അടിയില്‍ നിയന്ത്രിക്കുകയാണു ലക്ഷ്യം. ഇന്നലെ വൈകിട്ട്‌ ജലനിരപ്പ്‌ 2397.52 അടിയായി. മൂലമറ്റം പവര്‍ഹൗസിലെ അഞ്ച്‌ ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വാര്‍ഷിക അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയ മൂന്നാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിട്ടില്ല.
മുന്നനുഭവത്തിന്റെ പശ്‌ചാത്തലത്തില്‍ക്കൂടിയാണ്‌ അണക്കെട്ട്‌ തുറക്കാനുള്ള അടിയന്തരതീരുമാനമെന്നു മന്ത്രി റോഷി പറഞ്ഞു.
ജനങ്ങളുടെ ആശങ്കയകറ്റുകയാണു പ്രധാനം. അണക്കെട്ടിലേക്കുള്ള നീരുറവ കണക്കാക്കി അതനുസരിച്ച്‌ കൂടുതല്‍ ജലമൊഴുക്കും. അണക്കെട്ട്‌ തുറക്കാന്‍ ജില്ലാഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പെരിയാറിന്റെ തീരദേശത്ത്‌ അതീവജാഗ്രതാ നിര്‍ദേശമുണ്ട്‌. പുഴയിലിറങ്ങരുത്‌, മലയോരമേഖലയില്‍ രാത്രിയാത്രാനിയന്ത്രണം.
ഇടുക്കി താലൂക്കിലെ അഞ്ച്‌ വില്ലേജുകളില്‍ 64 കുടുംബങ്ങളിലായി 222 പേരെ മാറ്റിപ്പാര്‍പ്പിക്കും. ക്യാമ്പുകള്‍ തുറക്കാന്‍ സ്‌കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. ഫയര്‍ ഫോഴ്‌സ്‌, പോലീസ്‌, റവന്യൂ വകുപ്പുകള്‍ സജ്‌ജമാണ്‌. മന്ത്രി റോഷി ഇടുക്കി അണക്കെട്ട്‌ സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി.

കുട്ടനാട്ടില്‍ ഇന്ന്‌ ജലനിരപ്പുയരും

കക്കി-ആനത്തോട്‌ അണക്കെട്ടിലെ രണ്ട്‌ ഷട്ടറുകള്‍ 10-15 സെ.മീ. ഉയര്‍ത്തിയതോടെ പമ്പയിലും കക്കാട്ടാറിലും ജലനിരപ്പുയര്‍ന്നു. കുട്ടനാട്ടില്‍ ഇന്ന്‌ ജലനിരപ്പുയരാനുള്ള സാധ്യത കണക്കിലെടുത്ത്‌ ആലപ്പുഴ ജില്ലയില്‍ ദേശീയ ദുരന്തനിവാരണസേന(എന്‍.ഡി.ആര്‍.എഫ്‌)യെ വിന്യസിച്ചു.
പാലക്കാട്‌ ജില്ലയിലെ ഷോളയാര്‍ അണക്കെട്ട്‌ തുറന്നതോടെ ചലക്കുടിയാറ്റില്‍ ജലനിരപ്പുയര്‍ന്നു. പെരിങ്ങല്‍ക്കുത്ത്‌ അണക്കെട്ടില്‍നിന്നും വെള്ളം ചാലക്കുടിയാറ്റില്‍ എത്തുന്നുണ്ട്‌

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News