Thursday, July 29, 2021

വാഹനം കൈകാണിച്ചില്ല; രേഖകൾ പരിശോധിച്ചില്ല; എന്നിട്ടും സ്കൂട്ടർ യാത്രക്കാരി 11,000 രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പിന്റെ നോട്ടീസ്

Must Read

ചാരുംമൂട്: സ്കൂട്ടർ യാത്രക്കാരി 11,000 രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പിന്റെ നോട്ടീസ്. നൂറനാട് പാലമേൽ മറ്റപ്പള്ളി അരുൺനിവാസിൽ കെ. സാവിത്രിക്കാണു നോട്ടീസ് കിട്ടിയത്. സാവിത്രിയും മകൾ അശ്വതിയും കെ.എൽ. 31 എൽ 4631-ാം നമ്പർ സ്കൂട്ടറിൽ സഞ്ചരിക്കവേ നിയമലംഘനം നടത്തിയെന്നാണു കണ്ടെത്തൽ.

ജൂലായ് 16-നു വൈകീട്ട് 4.05 -ന് കെ.പി.റോഡിലെ നൂറനാട് പാറ ജങ്ഷനിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഗുരുദാസന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടക്കുമ്പോൾ ഇവർ സ്കൂട്ടറിൽ ഇതുവഴിപോയതായി നോട്ടീസിൽ പറയുന്നു.

ഹെൽമെറ്റ് ധരിക്കാത്തതിന്‌ 500 രൂപ വീതവും ലൈസൻസില്ലാത്ത അശ്വതി വാഹനമോടിച്ചതിന്‌ 5,000 രൂപയും ലൈസൻസില്ലാത്ത മകളെ സാവിത്രി വാഹനമോടിക്കാൻ പ്രേരിപ്പിച്ചതിന് 5,000 രൂപയുമുൾപ്പെടെ 11,000 രൂപ ഓൺലൈനായി അടയ്ക്കണമെന്നാണു നോട്ടീസിൽ പറയുന്നത്.എന്നാൽ, ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടയുകയോ രേഖകൾ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് സാവിത്രിയും അശ്വതിയും പറയുന്നു.വാഹനമോടിച്ച തനിക്ക് ലൈസൻസുണ്ടായിരുന്നതായും ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നതായും സാവിത്രി അവകാശപ്പെട്ടു.

ചെയ്യാത്ത തെറ്റിനു പിഴചുമത്തിയ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരേ സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിനു പരാതി നൽകി.

മോട്ടോർവാഹനവകുപ്പിന്റെ വിശദീകരണം പരാതിയുന്നയിക്കുന്ന വാഹനയുടമയും മകളും മോട്ടോർവാഹനവകുപ്പിന്റെ പരിശോധന നടന്നുകൊണ്ടിരുന്ന കെ.പി. റോഡിലെ പാറ ജങ്ഷൻ വഴി കടന്നുപോകുമ്പോൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഈ കാര്യം മോട്ടോർവാഹനവകുപ്പിന്റെ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഡിജിറ്റൽ ക്യാമറ വഴി കംപ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ഗതാഗത ചട്ടമനുസരിച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധന പരമാവധി ഒഴിവാക്കിയിട്ടുള്ളതിനാൽ സ്ത്രീകൾ സഞ്ചരിച്ച വാഹനം തടഞ്ഞില്ല. കേന്ദ്ര നിയമമനുസരിച്ചാണു വാഹനയുടമയ്ക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റി പത്തുദിവസത്തിനകം മാവേലിക്കര ജോയിന്റ് ആർ.ടി.ഓഫീസിൽ യഥാർഥരേഖകൾ ഹാജരാക്കിയാൽ തെറ്റായുൾപ്പെടുത്തിയ പിഴകൾ ഒഴിവാക്കുന്നതിനു സാധിക്കുമെന്ന് ആർ.ടി.ഒ. അധികൃതർ പറഞ്ഞു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News