Tuesday, January 18, 2022

രണ്ടരവയസ്സുകാരി സുന്ദരിക്ക്‌ രണ്ടരയടിയോളം മാത്രമാണ് ഉയരം;
പുങ്കന്നൂർ പശു ‘സുന്ദരി’യെന്ന ഓമനപ്പേരിൽ താണിക്കുടത്തെ വീട്ടിലുണ്ട്

Must Read

തൃശ്ശൂർ:മൂന്നുസെന്റ് സ്ഥലത്തെ പരിമിതിയിൽ വളർത്താവുന്ന പശുവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അധ്യാപകനായ കെ. ഹരീഷ് ആന്ധ്രയിലെ പുങ്കന്നൂരിലെത്തിയത്. ഒന്നരമാസംമുമ്പ് മോഹവിലയ്ക്ക് വാങ്ങിയ പുങ്കന്നൂർ പശു ‘സുന്ദരി’യെന്ന ഓമനപ്പേരിൽ താണിക്കുടത്തെ വീട്ടിലുണ്ട്.

രണ്ടരവയസ്സുകാരി സുന്ദരിക്ക്‌ രണ്ടരയടിയോളം മാത്രമാണ് ഉയരം. പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായതിനാൽ ഹരീഷിന്റെ മക്കളായ മൂന്നുവയസ്സുകാരൻ സ്വസ്ഥികിന്റെയും അഞ്ചാംക്ലാസുകാരൻ അനുഗ്രഹിന്റെയും കളിക്കൂട്ടുകാരിയാണ് ഈ പുങ്കന്നൂർ സുന്ദരി.

രണ്ടരയടിക്കാരിക്ക് തൊഴുത്ത് നിർമിക്കാൻ അധികം സ്ഥലവും വേണ്ടാ. പുറത്തിറങ്ങിയാൽ തൊഴുത്തിലേക്ക്‌ കയറാൻ മടിയുള്ള കൂട്ടത്തിലായതിനാൽ വൈക്കോൽ കാണിച്ച് പ്രലോഭിപ്പിക്കേണ്ടിവരുമെന്നുമാത്രം. ദിവസവും അഞ്ചുകിലോഗ്രാമോളം പച്ചപ്പുല്ലും കൊപ്രപ്പിണ്ണാക്കുമാണ് ഭക്ഷണം. ഭക്ഷണം അധികമായാൽ ശരീരത്തിൽ കൊഴുപ്പടിയുമെന്നതിനാലാണ് ഭക്ഷണനിയന്ത്രണം. ആഴ്‌ചയിൽ രണ്ടുതവണയാണ് കുളി. താളിക്കോട് ജീവൻജ്യോതി പബ്ലിക് സ്‌കൂൾ അധ്യാപകനാണ് ഹരീഷ്. ഭാര്യ കവിത പുല്ലഴി ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ അധ്യാപികയാണ്.

വംശനാശഭീഷണിയിലാണ് പുങ്കന്നൂർ പശു ഏഷ്യയിലെ പൊക്കം കുറഞ്ഞ തനത് നാടൻപശുക്കളിൽ ഒന്നാണ് പുങ്കന്നൂർ പശു. വംശനാശഭീഷണി നേരിടുന്ന ഇനമാണ്.

രണ്ടുലിറ്ററോളം പാൽ ദിവസവും ലഭിക്കും. പാലിന്റെ അളവ് കുറവായതിനാൽ കൊഴുപ്പും പോഷകങ്ങളും വളരെ കൂടുതലാണെന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്‌മെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ജോൺ അബ്രഹാം പറഞ്ഞു.

വെള്ള, തവിട്ട് നിറങ്ങളിലാണിവ കാണപ്പെടുക. ചന്ദ്രക്കലപോലെയുള്ള കൊമ്പുകൾ. നെറ്റിയുടെ ഭാഗം കുഴിഞ്ഞിരിക്കും.

Leave a Reply

Latest News

സംസ്ഥാനത്ത് കോളേജുകൾക്ക് പൂട്ട് വീണേക്കും; അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന അവലോകന യോഗത്തിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ എടുക്കും. അജൻഡയിൽ കോളേജ്...

More News