ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

0

ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട്‌ ഒന്‍പത്‌ മുതലാണു മത്സരം.
രണ്ട്‌ ട്വന്റി20 കളുടെ പരമ്പരയ്‌ക്ക് 17 അംഗ ടീമാണ്‌ അയര്‍ലന്‍ഡിലെത്തിയത്‌. ഹാര്‍ദിക്‌ പാണ്ഡ്യ നയിക്കുന്ന ടീമിന്റെ കോച്ച്‌ മുന്‍ സ്‌റ്റാര്‍ ബാറ്റര്‍ വി.വി.എസ്‌. ലക്ഷ്‌മണാണ്‌. രാഹുല്‍ ദ്രാവിഡ്‌ ടെസ്‌റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാലാണു ലക്ഷ്‌മണിന്‌ അയര്‍ലന്‍ഡില്‍ താല്‍ക്കാലിക ചുമതല ലഭിച്ചത്‌. രാഹുല്‍ ത്രിപാഠി, ഉമ്രാന്‍ മാലിക്ക്‌, അര്‍ഷദീപ്‌ സിങ്‌ എന്നീ പുതുമുഖങ്ങളും ടീമിലുണ്ട്‌്.
മലയാളി താരം സഞ്‌ജു സാംസണ്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹാല്‍, ദിനേഷ്‌ കാര്‍ത്തിക്ക്‌, ഇഷാന്‍ കിഷന്‍ എന്നിവരാണു ടീമിലെ പ്രമുഖര്‍. ദീപക്‌ ഹൂഡ, വെങ്കടേഷ്‌ അയ്യര്‍ തുടങ്ങിയ താരങ്ങളും ഊഴം കാത്തു നില്‍ക്കുകയാണ്‌. ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ സഞ്‌ജുവിനു ലഭിച്ച സുവര്‍ണാവസരമാണ്‌ ഈ പരമ്പര. ഐ.പി.എല്ലില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച തിളക്കത്തിലെത്തുന്ന സഞ്‌ജു ഇന്നു കളിക്കുമെന്നാണു സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ സഞ്‌ജുവിനെ പരിഗണിച്ചില്ല. ഋഷഭ്‌ പന്ത്‌ ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചതിനാലാണ്‌ സഞ്‌ജുവിന്‌ അയര്‍ലന്‍ഡിലേക്കുള്ള വിളി വന്നത്‌. രോഹിത്‌ ശര്‍മയുടെ നേതൃത്വത്തില്‍ ടെസ്‌റ്റ് ടീം ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു തയാറെടുക്കുന്നതിനാല്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ കീഴില്‍ രണ്ടാം നിരയെയാണ്‌ ഇന്ത്യ അയര്‍ലന്‍ഡിലേയ്‌ക്ക് അയച്ചത്‌. താരങ്ങള്‍ക്കും സെലക്‌ടര്‍മാര്‍ക്കും ലോകകപ്പിനുള്ള സെലക്ഷന്‍ ട്രയലാണു നടക്കുന്നത്‌. മത്സരം കാണാന്‍ ബി.സി.സി.ഐ. പ്രസിഡന്റും മുന്‍ നായകനുമായ സൗരവ്‌ ഗാംഗുലിയും അയര്‍ലന്‍ഡിലേക്കു പോയി. പരുക്ക്‌ ഭേദമായി മടങ്ങിയെത്തുന്ന മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവാണു പ്രധാന ശ്രദ്ധാകേന്ദ്രം. ശ്രേയസ്‌ അയ്യരുടെയും ഋഷഭ്‌ പന്തിന്റെയും അഭാവത്തില്‍ സൂര്യകുമാറിനു ടീമിലിടം നേടാന്‍ വെല്ലുവിളിയില്ല. നായകനെന്ന നിലയില്‍ ആദ്യ രാജ്യാന്തര മത്സരം കളിക്കുന്ന സമ്മര്‍ദത്തിലാണു ഹാര്‍ദിക്‌ പാണ്ഡ്യ. ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ ഐ.പി.എല്‍. കിരീടം നേടിക്കൊടുത്ത ആത്മവിശ്വാസമാണു കൈമുതല്‍. ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ മൂന്ന്‌ ട്വന്റി20 കളാണ്‌ ഇതുവരെ കളിച്ചത്‌. മൂന്നിലും ഇന്ത്യയാണു ജയിച്ചത്‌. 2009 ല്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ എട്ടു വിക്കറ്റിനാണ്‌ ഇന്ത്യ ജയിച്ചത്‌. 2018 ലെ മത്സരത്തില്‍ 76 റണ്ണിനും ഇന്ത്യ ജയിച്ചു. കഴിഞ്ഞ ട്വന്റി20 യില്‍ 143 റണ്ണിന്റെ കൂറ്റന്‍ ജയവും ഇന്ത്യ സ്വന്തമാക്കി. ഇഷാന്‍ കിഷന്‍ – ഋതുരാജ്‌ ഗെയ്‌ക്വാദ്‌ സഖ്യമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി സഞ്‌ജുവും നാലാമനായി സൂര്യയും കളിച്ചേക്കും. അഞ്ചാം നമ്പറില്‍ നായകന്‍ ഹാര്‍ദിക്‌ ഇറങ്ങും. സഞ്‌ജുവും ഇഷാനുമുണ്ടെങ്കിലും വിക്കറ്റ്‌ കീപ്പറുടെ റോളിലെത്തുന്നതു ദിനേശ്‌ കാര്‍ത്തിക്കാകും. യുസ്‌വേന്ദ്ര ചാഹാല്‍, രവി ബിഷ്‌ണോയി എന്നിവരാണു ടീമിലെ സ്‌പിന്നര്‍മാര്‍.
സാധ്യതാ ടീം: ഇന്ത്യ – ഇഷാന്‍ കിഷന്‍, ഋതുരാജ്‌ ഗെയ്‌ക്വാദ്‌, സൂര്യകുമാര്‍ യാദവ്‌, സഞ്‌ജു സാംസണ്‍, ഹാര്‍ദിക്‌ പാണ്ഡ്യ (നായകന്‍), ദിനേഷ്‌ കാര്‍ത്തിക്ക്‌, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ്‌ ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹാല്‍.
സാധ്യതാ ടീം: അയര്‍ലന്‍ഡ്‌- പോള്‍ സ്‌റ്റിര്‍ലിങ്‌, ആന്‍ഡി ബാല്‍ബിര്‍ണി (നായകന്‍), ഗാരേത്‌ ഡീലാനി, കുര്‍ട്ടിസ്‌ കാംബര്‍, ഹാരി ടെക്‌ടര്‍, ലോര്‍കാന്‍ ടുക്കര്‍, ജോര്‍ജ്‌ ഡോക്‌റല്‍, ആന്‍ഡി മക്‌ബ്രിന്‍, മാര്‍ക്‌ അഡയര്‍, ക്രെയ്‌ഗ്്‌ യങ്‌, ജോഷ്‌ ലിറ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here