നടിയെ ആക്രമിച്ച കേസിലെ അനേ്വഷണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നെന്ന പരാതിയില്‍ വിചാരണക്കോടതി ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിയുടെ വിശദീകരണം തേടി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അനേ്വഷണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നെന്ന പരാതിയില്‍ വിചാരണക്കോടതി ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിയുടെ വിശദീകരണം തേടി. കേസിലെ അനേ്വഷണ ഉദ്യോഗസ്‌ഥന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ എ.ഡി.ജി.പിയുടെ വിശദീകരണം തേടിയത്‌. ഏപ്രില്‍ 18ന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ വിശദീകരണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കോടതി നിര്‍ദേശം. അതേസമയം കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ച വ്യവസ്‌ഥ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ചത്‌. കേസിലെ വിസ്‌താര നടപടികള്‍ അട്ടിമറിക്കുന്നതിനു ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍ ജാമ്യ വ്യവസ്‌ഥയുടെ ലംഘനമാണെന്നാണ്‌ ഹര്‍ജിയിലെ വാദം. സാക്ഷിയെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്ന ജാമ്യ വ്യവസ്‌ഥ ലംഘിച്ചുവെന്നാണ്‌ പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നത്‌. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്‌താരനടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ്‌ ആരോപണം.
തുടരനേ്വഷണം നടക്കുന്നതിനാലും വിസ്‌താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലില്‍ അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. കേസിലെ അനേ്വഷണ ഉദ്യോഗസ്‌ഥനെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു കേസ്‌ നിലവിലുണ്ടെന്നും മറ്റു ജാമ്യ കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്‌ഥ ലംഘിച്ചിരിക്കുകയാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply