തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതൽ മുതൽ വൈകീട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ.
ചുഴലിക്കാറ്റ് നാളെ പുലർച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെത്തുമ്പോൾ അതീ തീവ്ര ന്യൂനമർദമായി ശക്തി കുറയുമെന്നാണ് പ്രവചനം. തെക്കൻ കേരളത്തിൽ ഇന്നു രാത്രി മുതൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ തീരമേഖലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതിനിടെ കേരള തീരത്ത് ബുറേവി റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ പുറപ്പെടുവിച്ചിരുന്ന ചാഴലിക്കാറ്റിന്റെ ഓറഞ്ച് അലർട്ടാണ് റെഡ് അലർട്ടായി ഉയർത്തിയത്. കാറ്റ് ഇന്ത്യൻ തീരത്തോട് അടുത്തതോടെയാണ് മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്.
അടിയന്തര സാഹചര്യം നേരിടാൻ എട്ടു കമ്പനി എൻഡിആർഎഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുണ്ടള, ഷോളയാർ അണക്കെട്ടുകൽക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കുണ്ടളയിൽ സ്പിൽവേ വഴി വെള്ളം ഒഴുക്കി കളയുന്നുണ്ട്.
മാട്ടുപ്പെട്ടി, ആനയിറങ്കൽ അണക്കെട്ടുകൾക്ക് ഓറഞ്ച് അലർട്ട്. ഇടുക്കി, പൊന്മുടി, പെരിങ്ങൽകുത്ത് അണക്കെട്ടുകൾക്ക് ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.
English summary
The Thiruvananthapuram airport will be closed tomorrow in the wake of Hurricane Burevi