Tuesday, January 18, 2022

ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വീട്; ലൈറ്റ് കണ്ടതുകൊണ്ട് നാണിക്കുട്ടി അമ്മാളുടെ വീട്ടിലേക്ക് ഓടിക്കയറിയ ശേഷം ഇരട്ടക്കൊലപാതകം; മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നും മൊഴി; പോണേക്കരയിൽ നടത്തിയ ക്രൂരത വെളിപ്പെടുത്തി റിപ്പർ ജയാനന്ദൻ

Must Read

കൊച്ചി: പോണേക്കരയിൽ മോഷണം ലക്ഷ്യമിട്ട് ഇരട്ടക്കൊലപാതകം നടത്തിയ സംഭവത്തിന്റെ കഥ വെളിപ്പെടുത്തി റിപ്പർ ജയാനന്ദൻ. പോണേക്കരയിൽ താൻ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വീടായിരുന്നെന്ന് ജയാനന്ദൻ പോലീസിനോട് പറഞ്ഞു. കൊല ചെയ്യപ്പെട്ട നാണിക്കുട്ടി അമ്മാളും നാരായണ അയ്യരും താമസിച്ചിരുന്ന വീടിന് സമീപത്തെ വീട്ടിൽ മോഷണം നടത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ അവിടേക്കു കയറിയപ്പോൾ പെട്ടെന്നു ലൈറ്റ് തെളിഞ്ഞതിനാൽ നാണിക്കുട്ടി അമ്മാളുടെ വീട്ടിൽ കയറുകയായിരുന്നെന്ന് ജയാനന്ദൻ വെളിപ്പെടുത്തി.

കരിക്കു കച്ചവടം നടത്തിയാണ് മോഷണത്തിനുള്ള വീടുകൾ കണ്ടെത്തിയിരുന്നത്. നോക്കിവച്ച വീട്ടിൽ ലൈറ്റ് തെളിഞ്ഞപ്പോൾ ഓടി മതിൽ ചാടിക്കടന്ന് ഈ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തെ ബൾബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടിൽ മറഞ്ഞിരുന്നത്. അടുത്ത വീട്ടിൽനിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു. ആ സമയത്താണ് നാരായണ അയ്യർ ശുചിമുറിയിൽ പോകാനായി പുറത്തിറങ്ങിയത്. കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അയ്യരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി നാണിക്കുട്ടി അമ്മാൾ പുറത്തിറങ്ങിയത്. തുടർന്ന് ഇവരെയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചു. തുടർന്നാണ് അലമാരയിലുണ്ടായിരുന്ന സ്വർണവും വെള്ളിയും കവർന്നത്. ഇതിനു ശേഷം തെളിവു നശിപ്പിക്കാൻ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു സ്ഥലം വിട്ടത്.

ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി വൈആർ റസ്തം പറഞ്ഞു. പ്രതിയെ, മജിസ്‌ട്രേട്ടിനു മുൻപാകെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. 2004 മേയ് 30നാണ് പോണേക്കരയിൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനിൽ ‘സമ്പൂർണ’യിൽ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫിസർ വി നാണിക്കുട്ടി അമ്മാൾ (73), സഹോദരിയുടെ മകൻ ടി വി നാരായണ അയ്യർ (രാജൻ-60) എന്നിവരാണ് കൊല്ലപ്പെട്ടത്.

നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇവിടെ നിന്നും 44 ഗ്രാം സ്വർണവും 15 ഗ്രാം വെള്ളിയും ഇയാൾ മോഷ്ടിച്ചു. വൃദ്ധയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണമായത്.

കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പറവൂർ, മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ സമാനരീതിയിൽ കൊല നടത്തിയവരിലേയ്ക്ക് അന്വേഷണം നീണ്ടെങ്കിലും ഫലമുണ്ടായില്ല. കേസിൽ റിപ്പർ ജയാനന്ദനെയും പലതവണ ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

മറ്റുകേസുകളിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് കൊച്ചി പോണേക്കര ഇരട്ടക്കൊല കേസിനെക്കുറിച്ച് റിപ്പർ ജയാനന്ദൻ സഹതടവുകാരനോട് മനസ്സുതുറന്നത്. ഇതോടെ വിവരം അന്വേഷണ ഉദ്യോഗസ്ഥരിലേക്കെത്തുകയും റിപ്പർ ജയാനന്ദൻ കുടുങ്ങുകയുമായിരുന്നു. തൃശ്ശൂരിലെ ഒരു കേസ് കോടതിയിൽനിന്ന് വിട്ടുപോയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽവെച്ച് ജയാനന്ദൻ മനസ്സുതുറന്നത്. അതീവ സുരക്ഷാസെല്ലിൽ ജയാനന്ദനടക്കം മൂന്നുപേരാണുണ്ടായിരുന്നത്. തൃശ്ശൂരിലെ കോടതിയിൽനിന്ന് കേസ് വിട്ടുപോയതിന്റെ സന്തോഷത്തിൽ പോണേക്കരയിലെ കുറ്റകൃത്യത്തെക്കുറിച്ചും ജയാനന്ദൻ വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ ഇയാൾക്കെതിരേയുള്ള തെളിവുകൾ കണ്ടെത്താനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.

സംഭവം നടന്ന ദിവസം രാത്രി കൊല്ലപ്പെട്ടവരുടെ അയൽവാസിയായ സ്ത്രീ റിപ്പർ ജയാനന്ദനെ കണ്ടിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ മേൽനോട്ടത്തിൽ തിരിച്ചറിയൽ പരേഡ് നടത്തി. പരേഡിൽ ഈ സ്ത്രീ റിപ്പർ ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തു. ഇതാണ് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. കേസിൽ ഡി.എൻ.എ. പ്രൊഫൈലിങ് അടക്കം നടത്തുന്നതിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

ആറ് സംഭവങ്ങളിലായി എട്ടുപേരെയാണ് റിപ്പർ ജയാനന്ദൻ കൊലപ്പെടുത്തിയിട്ടുള്ളത്. 2003 മുതൽ 2006 വരെയുള്ള കാലയളവിലായിരുന്നു ഇതെല്ലാം. പുത്തൻവേലിക്കരയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ റിപ്പർ ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി പിന്നീട് വധശിക്ഷ റദ്ദാക്കുകയും മരണംവരെ തടവായി ശിക്ഷ കുറയ്ക്കുകയും ചെയ്തു. കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടക്കൊലക്കേസിലും പെരിഞ്ഞനം ഇരട്ടക്കൊല കേസിലും ജയാനന്ദനായിരുന്നു പ്രതി. കൊലക്കേസുകൾക്ക് പുറമേ നിരവധി കവർച്ചാക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതിൽ പല കേസുകളിലും ജയാനന്ദൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

തടവ് അനുഭവിച്ചുവരുന്നതിനിടെ മൂന്ന് തവണയാണ് റിപ്പർ ജയാനന്ദൻ ജയിൽചാടിയത്. 2007-ൽ വിയ്യൂർ ജയിലിൽനിന്നായിരുന്നു ആദ്യ ജയിൽചാട്ടം. പിന്നീട് 2010-ൽ കണ്ണൂരിൽനിന്നും 2013-ൽ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും ജയാനന്ദൻ ജയിൽചാടി. ഈ സംഭവങ്ങളിലെല്ലാം ഇയാളെ പിന്നീട് ശിക്ഷിച്ചു. നേരത്തെ ജയിൽചാട്ട ചരിത്രമുള്ളതിനാൽ അതീവസുരക്ഷയിലാണ് ജയാനന്ദനെ ജയിലിൽ പാർപ്പിച്ചുവരുന്നത്.

സിനിമക്കഥയെ പോലും വെല്ലുന്ന ജീവിതമാണ് റിപ്പർ ജയാനന്ദന്റേത്. നിരവധി പേരെ കൊലപ്പെടുത്തിയ ഇയാളുടെ കയ്യിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധിയാണ്. ആഡംബര ജീവിതവും മദ്യപാനവും തന്നെയാണ് റിപ്പർ ജയനന്ദന്റെ മോട്ടിവ്. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതള്ളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയതെന്നാണ് പുറത്തുവന്ന വിവരം.

തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്വർണം ലഭിക്കാൻ വേണ്ടി കൈ വെട്ടിമാറ്റി വളയെടുക്കുന്ന കൊടുംക്രൂരനാണ് റിപ്പർ. ഏഴ് കൊലപാതകങ്ങൾ നടത്തിയ ശേഷമാണ് റിപ്പറിനെ തൊടാൻ പോലും പൊലീസിന് സാധിച്ചതെന്നതാണ് ബുദ്ധിമാനായ ക്രിമിനലാണ് ജയാനന്ദൻ എന്നു സാക്ഷ്യപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടി വന്നുവെന്ന കഥയാണ് റിപ്പറിന്റേത്.

ആരായിരുന്നു ജയാനന്ദൻ?

എട്ടാം ക്ലാസ് വരെ പഠിച്ച ജയാനന്ദൻ ചെറുപ്പത്തിൽ അച്ഛനൊപ്പം മീൻ പിടിക്കാൻ പോയിരുന്നു സാധാരണക്കാരനായ കൂലിപ്പണിക്കാരനായിരുന്നു ജയാനന്ദൻ. ചെറുപ്പത്തിൽ ചെറിയ മോഷണങ്ങൾ നടത്തി തുടങ്ങിയത് ആഡംബര ജീവിതത്തിനും മദ്യപാനത്തിനും പണം തികയാതെ വന്നതോടെയാണ്. ജയാനന്ദന്റെ സ്വഭാവത്തെക്കുറിച്ച് വീട്ടുകാർക്കുപോലും ആദ്യം അറിവുണ്ടായിരുന്നില്ല. ബാർ ഹോട്ടലുകൾക്കു മദ്യം എത്തിച്ചുകൊടുക്കുന്ന ജോലിയാണു തനിക്കെന്നും ദൂരെ റബർ തോട്ടമുണ്ടെന്നും ഇയാൾ ഭാര്യയോടു പറഞ്ഞിരുന്നു. രാത്രികളിലെ ജോലിയെ കുറിച്ച് വീട്ടുകാർ ചോദിക്കുമ്പോൾ ജയാനന്ദൻ പറഞ്ഞിരുന്നത് ഈ കഥയായിരുന്നു.

ജയാനന്ദന്റെ മോഷണത്തെക്കുറിച്ച് ഭാര്യയ്ക്ക് സൂചന ലഭിക്കുന്നത് ഒരു സാരിയിലൂടെയാണ്. അയൽവീട്ടിൽ ഉണങ്ങാനിട്ടിരുന്ന സാരി മോഷ്ടിച്ച് പുതിയ സാരിയാണെന്നു പറഞ്ഞു ജയാനന്ദൻ ഭാര്യക്കു സമ്മാനിച്ചു. ഒരു വിവാഹ ചടങ്ങിൽ സാരിയുടെ യഥാർഥ ഉടമ ജയാനന്ദന്റെ ഭാര്യയെ തൊണ്ടി സഹിതം പിടികൂടി. സാരിയുടെ പണം കൊടുത്ത് അന്നു കേസ് ഒതുക്കിങ്കെിലും മോഷ്ടാവെന്ന പേരു വീണതിനാൽ ഇയാൾ കൊടുങ്ങല്ലൂരിലേക്കു താമസം മാറ്റി. എന്നാൽ സ്ഥലം മാറിയെങ്കിലും മോഷണം നടത്തുന്ന പതിവ് ജയാനന്ദൻ തുടങ്ങി.

കൊടുങ്ങല്ലൂരിലെ താമസ സ്ഥലത്തിനു സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തതാണ് ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ കേസ്. പിന്നീട് കൊലപാതകക്കേസിൽ കുടുങ്ങുന്നതുവരെ ഒരിക്കൽപോലും പൊലീസിന് ഇയാളെ പിടികൂടാനായില്ല. കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് സുഹൃത്തുക്കൾ കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു.

സ്വർണം ഒരു വീക്നെസ്

എറണാകുളം -തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടെയും പിന്നിൽ ജയാനന്ദനായിരുന്നു. സ്വർണാഭരണങ്ങൾ ധരിച്ച സ്ത്രീകളായിരുന്നു മുഖ്യലക്ഷ്യം. സ്വർണം മോഷ്ടിച്ചു പണയം വെക്കുകയായിരുന്നു ജയാനന്ദന്റെ സ്റ്റൈൽ. മോഷ്ടിച്ചെടുക്കുന്ന സ്വർണം പണയം വയ്ക്കുകയായിരുന്നു പതിവ്. പണയം വച്ച സ്ഥാപനം പോലും കൃത്യമായി ഓർത്തെടുക്കാൻ ജയാനന്ദന് കഴിഞ്ഞിരുന്നില്ല. സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നു പ്രചോദനം നേടിയാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ സോക്സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. ഗ്യാസ് തുറന്നുവിട്ടും മണ്ണെണ്ണ സ്പ്രേ ചെയ്തും തെളിവു നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണു പഠിച്ചതെന്ന് ജയാനന്ദൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

കൊലപാതകങ്ങളെല്ലാം തനിച്ചു ചെയ്തിരുന്ന ജയാനന്ദൻ കവർച്ച ചെയ്യേണ്ട വീടുകൾ തലേന്നാണു തീരുമാനിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുമ്പുദണ്ഡുകളും പാരകളും സമീപത്തെ വീടുകളിൽ നിന്നാണ് എടുക്കുകയും ചെയ്യും. കൃത്യം നടത്തിയ ശേഷം ഇതു സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്.

ജയാനന്ദന്റെ കുറ്റസമ്മതം

2003 സെപ്റ്റംബറിൽ തൃശ്ശൂർ ജില്ലയിലെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരൻ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ജയാനന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവസ്ഥത്ത് പരിശോധന നടത്തിയ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ലിരുന്നില്ല. വിരലടയാളങ്ങളോ സാക്ഷികളോ മറ്റ് തെളിവുകളോ ഒന്നും ലഭിച്ചില്ല. പൊലീസിന്റെ പരാജയം വലിയ വിജയമായാണ് ജയാനന്ദൻ കണക്കാക്കിയത്. കേസിൽ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്നും അയാൾ കരുതി.

2004 മാർച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ മരുമകൾ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദൻ കൊന്നത്. മറ്റൊരു മരുമകളായ നൂർജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദൻ കവർന്നു. മറ്റ് കൊലപാതകങ്ങൾ പോലെതന്നെ തെളിവുകൾ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിയിച്ചില്ല.

2004 ഒക്ടോബറിൽ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിർമ്മലയുമായിരുന്നു ഇരകൾ. അവിടെ നിന്ന് പതിനൊന്ന് പവൻ സ്വർണവും പ്രതി കവർന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽ കടന്ന ജയാനന്ദൻ, ശബ്ദം കേട്ട് ഉണർന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂർ ബീവറേജസ് ജീവനക്കാരൻ സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്ടോബറിൽ നടന്ന പുത്തൻവേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവിൽ എറണാകുളം തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടേയും പിന്നിൽ ജയാനന്ദനായിരുന്നു.

ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സഹടവുകാരനോടൊപ്പം ജയിൽചാടി. പിന്നീട് തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദൻ ജയിൽചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്. ഇപ്പോൾ ജയിലിൽ കഴിയുകയാണ് ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദൻ. ഇതിനിടെയാണ് വീണ്ടും മറ്റൊരു കൊലപാതക കേസും തെളിയിക്കപ്പെടുന്നത്.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News