ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് സുപ്രീംകോടതി

0

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് സുപ്രീംകോടതി. മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരാണസി കോടതി വിധി പരമോന്നത കോടതി സ്‌റ്റേ ചെയ്തു. ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു സേന അവകാശപ്പെടുന്ന സ്ഥലം സീൽ ചെയ്ത് സുരക്ഷയൊരുക്കാനും കോടതി നിർദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനാണ് സംരക്ഷണ ചുമതല. എന്നാൽ ഇത് പള്ളിയിലെത്തുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകരുതെന്നും കോടതി പറഞ്ഞു.

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഉത്തരവ് ഒരു തരത്തിലും മുസ്ലിംകളെ നമസ്‌കാരത്തിനോ മതപരമായ അനുഷ്ഠാനങ്ങൾക്കോ പള്ളിയിലേക്കുള്ള പ്രവേശനത്തെയോ തടസ്സപ്പെടുത്തുന്നതല്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്‌ട്രേറ്റിനാണെന്നും ബെഞ്ച് വ്യക്തമാക്കി.

പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയതായി പരാതിക്കാരനാണ് പറയുന്നതെന്നും അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. സർവെ നടപടികൾ നിർത്തിവയ്ക്കണമെന്ന മസ്ജിദ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, ഗ്യാൻവാപി മസ്ജിദ് സർവെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അഭിഭാഷ കമ്മീഷണർ അജയ് മിശ്രയെ മാറ്റി വാരാണസി ജില്ലാ കോടതി. കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുദിവസത്തെ സമയം അനുവദിച്ചു.

സർവെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിനാണ് മിശ്രയെ മാറ്റിയത്. അഭിഭാഷക കമ്മീഷനിൽ അംഗമായ മറ്റു രണ്ട് അഭിഭാഷകർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി രണ്ടുദിവസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സിവിൽ ജഡ്ജ് രവികുമാർ ദിവാകർ ആണ് കേസ് പരിഗണിച്ചത്. കൂടുതൽ സമയം ചോദിച്ച് സ്‌പെഷ്യൽ അഡ്വക്കേറ്റ് കമ്മീഷണർ വിശാൽ സിങ് ആണ് ബെഞ്ചിനെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിൽ പുതിയ സർവെ നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരും അപേക്ഷ നൽകിയിരുന്നു.

ഗ്യാൻവാപി മസ്ജിദിലെ കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തി എന്നതുൾപ്പെടെ സർവെ വിവരങ്ങൾ പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹിന്ദു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോടതി, പ്രദേശം സീൽ ചെയ്യാൻ ഉത്തരവിട്ടിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിൽ പള്ളിയിൽ വീഡിയോ സർവെ നടത്താൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയോട് നിർദേശിക്കുകയായിരുന്നു.

2021ൽ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡൽഹി സ്വദേശിനികൾ പള്ളിയ്ക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

Leave a Reply