വേനല്‍മഴയില്‍ കുട്ടനാട്ടില്‍ കോടികളുടെ കൃഷിനാശത്തിനു വഴിവച്ചതു പ്രളയപാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതിനാല്‍

0

തിരുവനന്തപുരം: വേനല്‍മഴയില്‍ കുട്ടനാട്ടില്‍ കോടികളുടെ കൃഷിനാശത്തിനു വഴിവച്ചതു പ്രളയപാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതിനാല്‍. പ്രളയാനന്തര സവിശേഷസാഹചര്യത്തില്‍ കുട്ടനാട്ടിലെ കൃഷിരീതിതന്നെ മാറ്റണമെന്ന വിദഗ്‌ധസമിതി റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ച്‌ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതാണ്‌ തിരിച്ചടിച്ചതെന്നു വിലയിരുത്തല്‍.
വേനല്‍മഴയില്‍ ഇത്തവണ കുട്ടനാട്ടില്‍ 127 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണു പ്രാഥമിക കണക്ക്‌. ഇതത്രയും നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ടാണ്‌. കൃഷിയിറക്കിയ 27,000-ല്‍ 7,527 ഹെക്‌ടറിലും കൃഷിനാശമുണ്ടായി. ബാക്കിയിടങ്ങളില്‍ സംഭരണവും കാര്യക്ഷമമായില്ല.
2018-ലെ പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ കുട്ടനാട്ടിലെ കൃഷിരീതികളെക്കുറിച്ച്‌ സര്‍ക്കാര്‍ പഠനം നടത്തിയിരുന്നു. ആസൂത്രണബോര്‍ഡിന്റെ കാര്‍ഷികവിഭാഗം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ 2019 ഒക്‌ടോബറില്‍ സമര്‍പ്പിച്ചു. ഇതു സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപ്പാക്കാന്‍ ശുഷ്‌കാന്തി കാട്ടാത്തതാണു കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വിനയായത്‌.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍:

കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തില്‍ കുട്ടനാട്ടിലെ കൃഷിയുടെ സമയത്തില്‍ മാറ്റം വരുത്തണം.
മണ്‍വിളകള്‍ എന്നും പുഞ്ച വിളകളെന്നും രണ്ടായി തിരിച്ച്‌ കാര്‍ഷിക കലണ്ടര്‍ തയാറാക്കണം.
പുഞ്ചക്കൃഷി വിളവെടുപ്പ്‌ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണം.
ലോവര്‍ കുട്ടനാട്ടിലെയും വടക്കന്‍ കുട്ടനാട്ടിലെയും കായല്‍ പാടങ്ങളില്‍ ആദ്യം വിത നടത്തണം. ശേഷം വൈക്കം കരിയിലും പിന്നീട്‌ അപ്പര്‍കുട്ടനാട്ടിലും വിതയ്‌ക്കണം.
രണ്ടാം കൃഷി നടത്തേണ്ടത്‌ മേയ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെ.
ഇപ്പോള്‍ ഉപയോഗിക്കുന്ന ഉമയ്‌ക്കു പകരം നിര്‍ദിഷ്‌ട സമയത്തേക്കാള്‍ 15 ദിവസം മുമ്പ്‌ വിളവെടുക്കാന്‍ കഴിയുന്ന നെല്‍വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ അഭികാമ്യം.
നെല്‍വിത്തുകള്‍ യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പാക്കണം.
കാര്‍ഷിക കലണ്ടറിന്‌ അനുസൃതമായി വേണം തണ്ണീര്‍മുക്കം ബണ്ട്‌ തുറക്കലും അടയ്‌ക്കലും.
ബണ്ട്‌ ദീര്‍ഘകാലം തുറന്നുവയ്‌ക്കുന്നത്‌ പാരിസ്‌ഥിതിക- ആവാസവ്യവസ്‌ഥകളെ പ്രതികൂലമായി ബാധിക്കും.
പാടശേഖരങ്ങളിലെ പശ്‌ചാത്തലസൗകര്യം വികസിപ്പിക്കണം.
അധികജലം പമ്പുചെയ്‌ത്‌ മാറ്റാന്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടാക്കണം.
സംയോജിത കൃഷി പ്രോത്സാഹിപ്പിക്കണം.
തെങ്ങുകൃഷി കൂടുതല്‍ കാര്യക്ഷമമാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here