താമരശേരി (കോഴിക്കോട്): കോടഞ്ചേരിയില്‍ വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു.
നാട്ടുകാരനായ യുവാവിന്റെ മനസാന്നിധ്യം തുണച്ചതോടെ വന്‍ അപകടം ഒഴിവായി. കണ്ണോത്ത് ഭാഗത്തുനിന്നു വന്ന ലോറിക്ക് ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കോടഞ്ചേരി അങ്ങാടിക്ക് സമീപത്തുവച്ചാണ് തീ പിടിച്ചത്.
വൈദ്യുത കമ്പികളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ലോറിയില്‍ തീ പടരുന്നത് കണ്ട് ഡ്രൈവര്‍ വണ്ടിനിര്‍ത്തി ഇറങ്ങിയോടി. സംഭവം കണ്ടുനിന്ന പ്രദേശവാസിയായ ഷാജി ധൈര്യം കൈവിടാതെ ലോറിയില്‍ ഓടിക്കയറി സമീപത്തെ സ്കൂള്‍ മൈതാനത്തേക്ക് വണ്ടി ഓടിച്ചുകയറ്റി. ഷാജി അവസരോചിതമായി ഇടപെട്ട് ലോറി റോഡില്‍നിന്നു മാറ്റിയതോടെ മറ്റു വാഹനങ്ങളിലേക്കും നഗരത്തിലെ സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് ഒഴിവായി.
മൈതാനത്തൂടെ ലോറി വെട്ടിച്ച് ഓടിച്ച്, തീപിടിച്ച വൈക്കോല്‍ കെട്ടുകളിലധികവും പുറത്തേക്കുകളയാനും ഷാജിക്കായി. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമം നടത്തി.
ജെ.സി.ബി. ഉപയോഗിച്ച് ലോറിയില്‍ അവശേഷിച്ച വൈക്കോല്‍ നീക്കി. മുക്കത്തുനിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.