‘വിസ്മയക്ക് വേറെ ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാം’; നിർണ്ണായക തെളിവായി അടുത്ത ഫോൺ സംഭാഷണവും പുറത്ത്; കിരൺ മുകേഷുമായി നടത്തിയ ഫോൺ സംഭാഷണം ഇങ്ങനെ..

0

കൊല്ലം: വിസ്മയ കേസിൽ നിർണ്ണായക തെളിവായി ഫോൺ സംഭാഷണങ്ങൾ. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ഭർത്താവ് കിരണിന്റെ ശ്രമം. ഇതിന് തെളിവായ സംഭാഷണങ്ങളാണ് ലഭിച്ചത്. കൊല്ലത്തെ വിചാരണ കോടതിയിൽ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിർണായക തെളിവ് ഹാജരാക്കിയത്.

വിസ്മയയുടെ ഭർത്താവ് കിരണും കിരണിൻറെ അളിയൻ മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ കിരണിൻറെ ഫോണിൻറെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണങ്ങൾ കേസിൽ നിർണായക തെളിവായി മാറുകയാണ്.

സ്ത്രീധനത്തിൻറെ പേരിൽ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നൽകുകയോ ചെയ്താൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാം എന്ന് കിരൺ പറയുന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ എത്തിച്ചത്.

സഹോദരി ഭർത്താവ് മുകേഷുമായുളള സംഭാഷണത്തിലായിരുന്നു കിരണിൻറെ പരാമർശം. സ്ത്രീധനത്തിനു വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നു എന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ഫോൺ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടിൽ വച്ച് താൻ വിസ്മയയെ മർദിച്ചു എന്ന കാര്യം കിരൺ തന്നെ സഹോദരി ഭർത്താവിനോട് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും കോടതിക്കു മുന്നിൽ എത്തി. വിസ്മയയെ അടിച്ചോ എന്ന സഹോദരി ഭർത്താവിൻറെ ചോദ്യത്തിന് കിരൺ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

കിരൺ സഹോദരി ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണം

മുകേഷ്: അവിടെ അടിയ്ക്കുകയോ വല്ലോം ചെയ്തോ അവിടെ

കിരൺ: ഇടയ്ക്ക് ഒരെണ്ണം കൊടുത്തു. അതും ആ വണ്ടിയിൽ വച്ച്.ഞാൻ വണ്ടി കൊണ്ടിട്ടിട്ട് പോരാമെന്ന് വച്ചതാ.അന്നേരം അവൻ കയറി ശരി അളിയാ എന്ന് പറഞ്ഞ് ഒരു മാതിരി ആക്കി കാണിച്ചു.അന്നേരം ഞാൻ പിടിച്ചിട്ട് ഒരടി കൊടുത്ത് ഒരു തളളു തളളി.അവൻ മറിഞ്ഞു വീണു.ഞാൻ ഇറങ്ങി പെട്ടെന്ന് ഇങ്ങ് പോന്നു

കിരണിൻറെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം പൊലീസ് കിരണിൻറെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിർണായക തെളിവായി ഈ സംഭാഷണങ്ങൾ മാറുന്നതും. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് മകളെ കിരൺ നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്കു മുന്നിൽ പറഞ്ഞിരുന്നു.

‘ഇനി സഹിക്കാൻ വയ്യ, ഇവിടെ നിർത്തിയിട്ട് പോയാൽ ഇനി ആരും എന്നെ കാണില്ല’

വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശം ഇന്ന് പുറത്തുവന്നിരുന്നു. ഭർത്താവ് കിരൺ കുമാർ മർദിച്ചിരുന്നെന്ന് വിസ്മയ കരഞ്ഞു പറയുന്ന ഓഡിയോ സന്ദേശമാണ് കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുന്നത്. കിരൺ കുമാറിന്റെ വീട്ടിൽ ഇനി തനിക്ക് നിൽക്കാനാകില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നതായി ശബ്ദ സന്ദേശത്തിലുണ്ട്. എനിക്ക് സഹിക്കാനാകുന്നില്ലെന്ന് വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദ സന്ദേശത്തിൽ വ്യക്തമായി കേൾക്കാം.

തന്നെ ഇവിടെ നിർത്തിയിട്ട് പോകുകയാണെങ്കിൽ ഇനി ആരും തന്നെ കാണില്ലെന്ന് വരെ വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛൻ പറയുന്നുണ്ട്. തന്നെ കിരൺ കുമാർ മർദിക്കുമെന്നും തനിക്ക് പേടിയാകുന്നുവെന്നും ഇറങ്ങിപ്പോകാൻ വരെ പറയുന്നുവെന്നും വിസ്മയ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം ദേഷ്യം വരുമ്പോൾ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛൻ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതായി ശബ്ദ സന്ദേശത്തിൽ കേൾക്കാം.

അതേസമയം കേസിൽ മേയ് 23ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി ഭർത്താവ് കിരൺകുമാറിനെതിരേയാണ് കേസ്.

2020 മേയ് 30നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.

ജനുവരി പത്തിനാണ് കേസിൻറെ വിചാരണ ആരംഭിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിൻറെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പടെ 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here