ചെന്നൈ: തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ജാഗ്രത കണക്കിലെടുത്ത് നാളെയും സംസ്ഥാനത്തെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലാണ്. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ നാളെ റദ്ദാക്കി. എറണാകുളം- കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളി വരെ മാത്രമേ സര്‍വീസ് നടത്തൂ.തിരുവനന്തപുരം- ചെന്നൈ മെയില്‍, ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ ഈറോഡ് ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. റദ്ദാക്കിയവയുടെ കൂട്ടത്തില്‍ 12 വിമാന സര്‍വീസുകളും ഉള്‍പ്പെടും. ചെ്ന്നൈ വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വൈകീട്ടോടെ തമിഴ്നാട്ടില്‍ മഴ കൂടുതല്‍ തീവ്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഖിയേക്കാള്‍ തീവ്രമാകാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ദുരന്തനിവാരണ സേനയില്‍ നിന്ന്് വിവിധ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് വേഗത 145 കിലോമീറ്റര്‍ വരെ ആകാമെന്നാണ് ചെന്നൈ ഏരിയ സൈക്ലോണ്‍ വാര്‍ണിംഗ് സെന്റര്‍ ഡയറക്ടര്‍ നല്കുന്ന മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് തമിഴനാട്.
അതിനിടെ, കനത്തമഴയില്‍ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ഏഴു ഷട്ടര്‍ തുറന്ന് വെള്ളം അഡയാര്‍ നദിയിലേക്ക് ഒഴുക്കിവിടുകയാണ്. 2015ല്‍ ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിന് പിന്നാലെ അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതിനെ തുടര്‍ന്ന് ദിവസങ്ങളോളമാണ് നഗരവാസികള്‍ ദുരിതത്തില്‍ കഴിഞ്ഞത്. സമാനമായ നിലയില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടാകുമോ എന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്.
ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്പരപ്പാക്കം തടാകം അതിവേഗമാണ് നിറഞ്ഞത്. 24 അടിയാണ് തടാകത്തിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 23 അടിയായാല്‍ 12 മണിയോടെ 1000 ക്യൂസെക്സ് വെള്ളം ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. 2015ല്‍ തടാകത്തിന്റെ ഷട്ടര്‍ തുറന്നതാണ് ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം. ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്രാ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും.
കരതൊടുന്ന സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 145 കിമീ വരെ ആകാമെന്നാണ് കണക്കാക്കുന്നത്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. വൈകീട്ട് ആറിനും എട്ടിനും ഇടയിലാവും കരതൊടുക. അതിനിടെ കാരയ്ക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. തീരദേശ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English summary
The state receives heavy rainfall. As a precautionary measure, public holidays will be declared in 13 districts of the state tomorrow as well