പരേതരായ ദമ്പതികളുടെ വിവാഹവും രജിസ്റ്റർ ചെയ്യുന്ന അപൂർവ നടപടിയിലേക്ക് കടക്കുകയാണ് സംസ്ഥാന തദ്ദേശ വകുപ്പ്

0

പരേതരായ ദമ്പതികളുടെ വിവാഹവും രജിസ്റ്റർ ചെയ്യുന്ന അപൂർവ നടപടിയിലേക്ക് കടക്കുകയാണ് സംസ്ഥാന തദ്ദേശ വകുപ്പ്. 53 വർഷം മുമ്പ് കല്യാണം കഴിച്ച പാലക്കാട് ശേഖരീപുരം സ്വദേശികളായ സി.ഭാസ്‌കരൻ നായരുടെയും ടി.കമലത്തിന്റെയും വിവാഹ രജിസ്ട്രേഷനാണ് ഇപ്പോൾ മകന്റെ ആവശ്യപ്രകാരം നടത്തുന്നത്. 1969 ജൂൺ 4ന് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സൈനികനായ ഭാസ്‌കരൻനായരുടെയും കമലത്തിന്റെയും വിവാഹം. നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 24 വർഷം മുമ്പ് കമലവും ഏഴു വർഷം മുമ്പ് ഭാസ്കകരൻ നായരും മരിച്ചു.
ഭിന്നശേഷിക്കാരനായ മകൻ ഗോപകുമാർ ബന്ധുക്കളുടെ സഹായത്തോടെ, പിതാവിന്റെ കുടുംബ പെൻഷനായി അപേക്ഷിച്ചപ്പോഴാണ് കുടുംബ സംബന്ധമായ വിവരങ്ങൾ സേനാവിഭാഗത്തിന്റെ പക്കൽ ഇല്ലെന്നറിയുന്നത്. വിവാഹം തൊട്ടുള്ള വിവരങ്ങൾ ലഭ്യമാക്കിയാൽ പെൻഷൻ കിട്ടാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് രജിസ്ട്രേഷൻ നടത്താനുള്ള മാർഗം തേടിയത്. സബ് രജിട്രാറുടെ ഓഫീസിനെ സമീപിച്ചെങ്കിലും ദമ്പതികൾ ഹാജരാകാതെ രജിസ്ട്രേഷൻ നടത്താനാവില്ലെന്ന് അറിയിച്ചു. മന്ത്രിയുടെ ഇടപെടൽ തേടി ബന്ധുക്കൾ അപേക്ഷ തിരുവനന്തപുരത്തെത്തിച്ചു. മാനുഷിക പരിഗണനയോടെ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശത്തോടെ

മന്ത്രി എം.വി.ഗോവിന്ദൻ നിയമവകുപ്പിന്റെ ഉപദേശം തേടി. വിവാഹം നടന്ന കാലത്ത് രജിസ്‌ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുത പരിഗണിച്ച് രജിസ്ട്രേഷൻ നൽകാമെന്ന് നിയമ വകുപ്പ് ശുപാർശ ചെയ്തു. ഇതോടെ മന്ത്രി ഗോവിന്ദൻ അനുമതി നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവാഹ സർട്ടിഫിക്കറ്റ് താമസിയാതെ ഗോപകുമാറിന് കൈമാറും. പിതാവിന്റെ കുടുംബക്കാരുടെ സംരക്ഷണയിലാണ് ഗോപകുമാർ.`നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണ്. മാനുഷിക പരിഗണനയ്ക്ക് മുൻതൂക്കം നൽകി നിയമപരമായിത്തന്നെ തീരുമാനമെടുത്തു.’- മന്ത്രി എം. വി. ഗോവിന്ദൻ.ഒരാൾ ജീവിച്ചിരുന്നാൽ രജിസ്റ്റർ ചെയ്യാം ദമ്പതികളിൽ ഒരാൾ മരിച്ചാലും വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് 2008ലെ കേരളാ വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്. പക്ഷേ, രണ്ടുപേരും മരിച്ചാൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് ഒരിടത്തും പരാമർശമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here