Monday, December 6, 2021

സംസ്‌ഥാനത്ത്‌ നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക്‌

Must Read

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക്‌. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നേരിട്ടാണ്‌ ഒരുക്കം വിലയിരുത്തുന്നത്‌.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ 27 ന്‌ പൂര്‍ത്തികരിക്കുമെന്ന്‌ ഹെഡ്‌മാസ്‌റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന്‌ മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച്‌ എ.ഇ.ഒ, ഡി.ഇ.ഒ. വഴി റിപ്പോര്‍ട്ട്‌ ജില്ലാ ഭരണകൂടത്തിനു സമര്‍പ്പിക്കണം.
ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ പൂര്‍ണമായി ശുചീകരിക്കണം. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന്‌ ഉറപ്പു വരുത്തണം. സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, പള്‍സ്‌ഓക്‌സിമീറ്റര്‍ എന്നിവ ഉറപ്പുവരുത്തണം. അധ്യാപകര്‍ക്ക്‌ ഓരോ ക്ലാസിന്റെയും ചുമതല നല്‍കണം. 27-ന്‌ പി.ടി.എ. യോഗം ചേര്‍ന്ന്‌ ക്രമീകരണം വിലയിരുത്തണം.ഈ യോഗത്തില്‍ തദ്ദേശ സ്‌ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കണം. 27ന്‌ പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കളുടെ ചെറിയ യോഗങ്ങള്‍ ചേരണം. അന്നു തന്നെ സ്‌കൂളില്‍ ഹെല്‍പ്പ്‌ലൈന്‍ സജ്‌ജമാക്കുകയും മേല്‍നോട്ടത്തിന്‌ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തുകയും വേണം.
ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്‌ചയിക്കണം. കുട്ടികള്‍ക്ക്‌ ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സ്‌കൂളില്‍ ഒരു ഡോക്‌ടറുടെയെങ്കിലും സേവനം ഉറപ്പുവരുത്തണം. സ്‌കൂളുകള്‍ക്ക്‌ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌.
ഫിറ്റ്‌നസ്‌ ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളില്‍ പഠിപ്പിക്കാനാകുമോയെന്നു പരിശോധിക്കണം. സ്‌കൂളിന്റെ പരിധിയില്‍പ്പെട്ട പോലീസ്‌ സ്‌റ്റേഷനുമായി ഹെഡ്‌മാസ്‌റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആശയവിനിമയം നടത്തണമെന്നും നിര്‍ദേശത്തിലുണ്ട്‌.
കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്‌ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം. സ്‌കൂളിന്റെ പ്രധാന കവാടത്തില്‍നിന്ന്‌ അധ്യാപകരും തദ്ദേശസ്‌ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം.
സ്‌കൂള്‍ അന്തരീക്ഷം ആഹ്ലാദകരവും ആകര്‍ഷണീയവുമാക്കാനുള്ള ക്രമീകരണം ഉണ്ടാകണം. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Latest News

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പുടിന്‍ എത്തുന്നത്. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച...

More News