ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ട തൃക്കാക്കരയില്‍ ഇന്ധനനികുതിത്തര്‍ക്കം പരന്നൊഴുകിയതോടെ സംസ്‌ഥാന സര്‍ക്കാര്‍ വെട്ടിലായി

0

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ട തൃക്കാക്കരയില്‍ ഇന്ധനനികുതിത്തര്‍ക്കം പരന്നൊഴുകിയതോടെ സംസ്‌ഥാന സര്‍ക്കാര്‍ വെട്ടിലായി. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍/ഡീസല്‍ എക്‌സൈസ്‌ നികുതി കുറച്ചതാണു വെട്ടിലാക്കിയത്‌.
കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം പല സംസ്‌ഥാനങ്ങളും വാറ്റ്‌ നികുതി കുറച്ചിട്ടും കേരളം അതിനു തയാറായിരുന്നില്ല. നികുതിയിളവ്‌ താങ്ങാന്‍ കഴിയാത്തത്ര ഗുരുതരമാണു സംസ്‌ഥാനത്തെ സാമ്പത്തിക സ്‌ഥിതി. അതേസമയം, സംസ്‌ഥാന നികുതി തുടര്‍ച്ചയായ രണ്ടാം തവണയും കുറയ്‌ക്കാത്ത സര്‍ക്കാര്‍ നിലപാട്‌ തൃക്കാക്കരയില്‍ ചര്‍ച്ചയാകുന്നതു സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നു.
പെട്രോളിനും ഡീസലിനും രണ്ടു തവണയായി നികുതി കുറച്ചതോടെ എക്‌സൈസ്‌ നികുതി 2020 മാര്‍ച്ചിലുണ്ടായിരുന്നതിലും താഴെയെത്തി. സംസ്‌ഥാന നികുതിയാകട്ടെ യഥാക്രമം 30.06 ശതമാനവും 22.76 ശതമാനവുമായി തുടരുകയാണ്‌. കേന്ദ്ര നികുതി കുറഞ്ഞതിന്‌ ആനുപാതികമായി സ്വാഭാവികമായുണ്ടായ വിലക്കുറവിന്റെ ക്രെഡിറ്റ്‌ സ്വന്തം പേരിലാക്കി ന്യായീകരിക്കാനാണു ശ്രമം. എന്നാല്‍, തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഈ ന്യായീകരണത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുമോ എന്നു കണ്ടറിയണം.
കഴിഞ്ഞ നവംബറില്‍ കേന്ദ്രം എക്‌സെസ്‌ നികുതി പെട്രോളിന്‌ അഞ്ചും ഡീസലിനു പത്തും രൂപ കുറച്ചിരുന്നു. ഇപ്പോള്‍ എക്‌സൈസ്‌ നികുതി പെട്രോളിന്‌ എട്ടു രൂപയും ഡീസലിന്‌ ആറു രൂപയും കുറച്ചു. കേരളത്തില്‍ ഇപ്പോള്‍ ആനുപാതികമായി യഥാക്രമം 2.41 രൂപ, 1.36 രൂപ എന്നിങ്ങനെ കുറവുണ്ടായി.
അതിനപ്പുറം നികുതിയിളവ്‌ ഇപ്പോള്‍ വേണ്ടെന്ന നിലപാടാണു സംസ്‌ഥാന സര്‍ക്കാരിന്റേത്‌. ഇതു തൃക്കാക്കരയില്‍ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായാണു പ്രതിപക്ഷം കാണുന്നത്‌. എണ്ണക്കമ്പനികള്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചപ്പോള്‍ സംസ്‌ഥാനത്തിന്‌ നികുതിയിനത്തില്‍ ആറായിരം കോടി രൂപയുടെ അധികവരുമാനമുണ്ടായെന്നും അതിലൊരു പങ്ക്‌ ജനങ്ങള്‍ക്കു നല്‍കണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. സംസ്‌ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്ന അടിസ്‌ഥാന എക്‌സൈസ്‌ നികുതിയില്‍ തൊട്ടിട്ടില്ലെന്നും ഇന്ധന നികുതിയുടെ വിഹിതം കുറയില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയതും ബി.ജെ.പി. ആയുധമാക്കുന്നു. ഇളവു നല്‍കാന്‍ തയാറാകാത്ത സംസ്‌ഥാന സര്‍ക്കാര്‍ പല കണക്കുകളും പറഞ്ഞ്‌ ഉരുണ്ടുകളിക്കുകയാണെന്ന്‌ അവര്‍ പറയുന്നു.
കേന്ദ്രം നികുതി കുറച്ചത്‌ ജനത്തിനു പ്രയോജനപ്പെടുമെങ്കിലും സംസ്‌ഥാനത്തിന്റെ വരുമാനത്തിലും കുറവുണ്ടായതു ധനവകുപ്പിന്‌ അപ്രതീക്ഷിത ആഘാതമായി. ഇനി നികുതിയിളവു നല്‍കിയുള്ള വരുമാനനഷ്‌ടം കൂടിയായാല്‍ താങ്ങാനാകില്ല. അതിനാലാണു സ്വന്തമായി നികുതിയിളവ്‌ തല്‍ക്കാലം വേണ്ടെന്നു തീരുമാനിച്ചത്‌. എന്നാല്‍, ഇതു വലിയ രാഷ്‌ട്രീയ സമ്മര്‍ദമായി മാറിയതു തെരഞ്ഞെടുപ്പുകാലത്തു സര്‍ക്കാരിന്‌ ആശങ്കയായി.

LEAVE A REPLY

Please enter your comment!
Please enter your name here