ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നേരത്തെ നടിയും പ്രോസിക്യൂഷനും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജികൾ കോടതി തള്ളിയിരുന്നു. വിശദമായ വാദം കേൾക്കലിന് ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ സുപ്രീം കോടതിയിൽ ഇപ്പോൾ അപ്പീൽ നൽകിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉയർത്തിയത്. ആക്രമിക്കപ്പെട്ട നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു. വിചാരണ ഈ രീതിയിൽ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നതെന്നായിരുന്നു ആരോപണം. എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താൻ പ്രതിഭാഗം പല രീതിയിൽ ശ്രമിച്ചിട്ടും കോടതിയിടപെട്ടില്ലെന്നും ആരോപണമുണ്ടായിരുന്നു.
English summary
The state government has approached the Supreme Court in the case of attacking the actress