കണ്ണൂർ പയ്യന്നൂരിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റ് മാർച്ച് 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

0

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ഹരിത ഊർജ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പയ്യന്നൂരിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റ് മാർച്ച് 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. 12 മെഗാവാട്ട് ആണു സ്ഥാപിത ശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോർജ പദ്ധതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റാണിത്. പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിലെ സൗരോർജ പ്ലാന്റിനടുത്തുളള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.
ലോകത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത പ്ലാന്റ് ആണ് പയ്യന്നൂരിൽ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ ഘടനയെ അതേ പടിയും കൃത്യതയോടെയും ഉപയോഗിക്കുന്നതിനാൽ നിരപ്പാർന്ന സ്ഥലത്തേക്കാൾ 35 ശതമാനം അധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. ഇതിനായി പ്രത്യേക തരത്തിൽ രൂപകൽപന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നു ലഭിക്കുക.

നിലവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർപോർട്ട് ഉൾപ്പെടെ 8 പ്ലാന്റുകളാണ് ഉള്ളത്. പയ്യന്നൂരിലെ പുതിയ പ്ലാന്റ് ഉൾപ്പെടെ ഇപ്പോൾ സൗരോർജ സ്ഥാപിത ശേഷി 50 മെഗാവാട്ട് ആയി വർധിച്ചു. ഇതു വഴി പ്രതിവർഷം 28000 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആകെ ലഭിക്കുന്നത്. സിയാലിന്റെ പ്രതിദിന ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് ആണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാണു സിയാൽ. ഇതിനു പുറമേ കഴിഞ്ഞ നവംബറിൽ കോഴിക്കോട് അരീപ്പാറയിൽ പ്രവർത്തനം ആരംഭിച്ച ജല വൈദ്യുത പദ്ധതിയിൽ നിന്ന് സീസണിൽ പ്രതിദിനം ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിയും ലഭിക്കും. കെഎസ്ഇബി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതോൽപാദകരാണു സിയാൽ.

പ്ലാന്റുകളിൽ ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിയുടെ പവർ ഗ്രിഡിലേക്ക് നൽകുകയും ആവശ്യമുള്ളപ്പോൾ തിരിച്ചു ലഭിക്കുകയും ചെയ്യുന്ന പവർ ബാങ്കിങ് സമ്പ്രദായമാണ് സിയാൽ നടപ്പിലാക്കുന്നത്

Leave a Reply