വി.സി. ജോയി
കൊച്ചി: സാധാരണ മരണമായി എഴുതിതള്ളേണ്ടിയിരുന്ന നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ നിർണായകമായത് മൂന്ന് ഡോക്ടർമാരുടെ മിടുക്കും വാഗമണിലെ കാലാവസ്ഥയും. കോലാഹലമേട് സ്വദേശി കുമാറിന്റെ(രാജ് കുമാർ)
ആദ്യ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം ന്യുമോണിയോ മാത്രം. നിർണായക തെളിവാകേണ്ടിയിരുന്ന മർദ്ധനത്തിന്റെ പാടുകൾ ചില പരാമർശങ്ങളിൽ ഒതുങ്ങി. കൂടുതൽ ചതവുകൾ കണ്ടെത്താൻ ശരീരം കീറി മുറിച്ചുള്ള ശസ്ത്രക്രീയ നടത്തിയതുമില്ല. സംഭവം നടന്ന് മുപ്പത്തിഎട്ടാം ദിവസമാണ് റീ പോസ്റ്റ്മോർട്ടം നടത്തിയത്. വാഗമണ്ണിലെ പ്രത്യേക കാലാവസ്ഥയും രാജ്കുമാറിന്റെ ശരീരപ്രകൃതിയും മൃതദേഹം അഴുകാതെ കാത്തു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ പരിക്കുകളുണ്ടോ എന്നറിയാൻ ശരീരം കീറി മുറിക്കാതിരുന്നതും ഗുണം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രൊഫസർ ഡോ. കെ പ്രസന്നൻ, ഫോറൻസിക് സർജൻ ഡോ. എ.കെ ഉൻമേഷ്, പാലക്കാട് ജില്ലാ പോലീസ് സർജൻ ഡോ. പി.ബി ഗുജ്റാൾ എന്നിവരായിരുന്നു രണ്ടാം പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദനം ഏറ്റതാണു കോലാഹലമേട് സ്വദേശി കുമാറിന്റെ(രാജ് കുമാർ) മരണത്തിന് ഇടയാക്കിയതെന്നു റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുതുതായി 22 പുതിയ പരുക്കുകളും കണ്ടെത്തി.
കുമാറിന്റെ ശരീരത്തിൽ ആകെ 22 പരുക്കുകളുണ്ടെന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുമാറിന്റെ ശരീരത്തിലെ പരുക്കുകളുടെ പ്രായവും ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ല. കുമാറിന്റെ മരണകാരണം ന്യുമോണിയ ആണെന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. ഇതിൽ ഗുരുതര വീഴ്ചകളുണ്ടെന്നു കണ്ടതിനെ തുടർന്നാണു കമ്മിഷൻ റീ പോസ്റ്റ്മോർട്ടത്തിന് ഉത്തരവിട്ടത്.
‘ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുണ്ടായ ചതവുകളാണു മരണകാരണമെന്നു റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വടി കൊണ്ട് അടിച്ചാലാണ് ഇവയുണ്ടാവുക. ഇത്തരത്തിൽ 22 ചതവുണ്ട്. മർദനം മൂലം ഉണ്ടാകുന്ന രീതിയിലാണ് ഇവയെല്ലാം. ഇവ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
മൂന്നാംമുറ പീഡനത്തിൽ കുമാറിന്റെ വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ തകരാറിലായെന്നും കണ്ടെത്തി. മർദനമാണ് മരണകാരണമെന്നു റീ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ‘ആദ്യ പോസ്റ്റ്മോർട്ടം മാർഗനിർദേശങ്ങൾക്ക് അനുസരിച്ചല്ലെന്നു കണ്ടാണു റീ പോസ്റ്റ്മോർട്ടത്തിനു നിർദേശിച്ചത്.
കുമാറിന്റെ തുടയിലെ ചതവ് 4.5 സെ.മീ കനത്തിലാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത്രയും ആഴത്തിൽ ചതവു വരാൻ തക്ക മർദനം ഏറ്റിട്ടുണ്ട്. നടുവിനേറ്റ ചതവും മാരകമാണ്. 20 സെ.മീയിൽ ഏറെ നീളമുണ്ട്. ഇതിലും ഭീകരമാണു തുടയിടുക്കിലെ പരുക്ക്. ഇരു കാലുകളും അകത്തി വച്ചുള്ള മർദനമാണു ഇതു വ്യക്തമാക്കുന്നത്. 37 ദിവസത്തിനു ശേഷം മൃതദേഹം പുറത്തെടുക്കുമ്പോഴും ഉള്ളിലെ പേശികളിൽ രക്തം പൊടിഞ്ഞതു കാണാമായിരുന്നു.
English summary
The skill of the three doctors and the weather in Vagamon were crucial in the Nedunkandam custody death case