സില്‍വര്‍ ലൈനില്‍ 200 വളവുകള്‍, 236 കയറ്റിറക്കങ്ങള്‍ , ഒച്ചിഴയും പാതയാകും

0

പത്തനംതിട്ട : അര്‍ധ അതിവേഗപാതയായി വിഭാവനം ചെയ്യുന്ന സില്‍വര്‍ ലൈന്‍ പാതയില്‍ 200 വളവുകളും 236 കയറ്റിറക്കങ്ങളും. പ്രതീക്ഷിക്കുന്ന വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നും വിദഗ്‌ധര്‍. എല്ലാ വളവുകളും ചേരുമ്പോള്‍ 194.3 കി.മീറ്ററുണ്ടാകും. പാതയുടെ ആകെ ദൂരത്തിന്റെ 36.7 ശതമാനമാണിതെന്ന്‌ സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ വിശദമായി പഠിച്ച അലോക്‌ കുമാര്‍ വര്‍മ്മ പറയുന്നു.
വളവും കയറ്റങ്ങളും തുടര്‍ച്ചയായി വരുന്ന മാതൃകയ്‌ക്കു റോളര്‍കോസ്‌റ്റര്‍ എന്നാണ്‌ സാങ്കേതികമായി പറയുക. നിലവിലുള്ള തിരുവനന്തപുരം -കാസര്‍ഗോഡ്‌ റെയില്‍ പാതയിലുള്ളതിനേക്കാള്‍ വളവുകള്‍ സില്‍വര്‍ ലൈനിലുണ്ടാകും. 236 കയറ്റിറക്കങ്ങള്‍ ഏതു റെയില്‍പാതയിലും പാടില്ലാത്തത്ര കൂടുതലാണെന്ന്‌ അലോക്‌ കുമാര്‍ വര്‍മ്മ വിലയിരുത്തുന്നു. മലയോര റെയില്‍പ്പാതകളില്‍പ്പോലും ഇത്രയേറെ കയറ്റിറക്കം കാണില്ല. മലയോര പാതകളില്‍ വേഗം മണിക്കൂറില്‍ 40 മുതല്‍ 100 കി.മീ. വരെയാണ്‌. യാത്രാവണ്ടി ഉദ്ദേശിക്കുന്ന 200 കി.മീ. വേഗം ആര്‍ജിക്കാന്‍ പ്രയാസമാകും.
സില്‍വര്‍ ലൈനിലെ കയറ്റിറക്കങ്ങളില്‍ ചിലയിടത്ത്‌ ദിശാവ്യതിയാനവും പറയുന്നുണ്ട്‌. തൂണുകളിലുറപ്പിച്ച മേല്‍പ്പാലങ്ങള്‍ ചിലയിടത്ത്‌ 20 മീറ്റര്‍ വരെ ഉയരത്തിലാണ്‌. തൃശൂരില്‍ അനുബന്ധ മേല്‍പ്പാലം 8.17 കി.മീ. ദൂരമുള്ളതാണ്‌. സ്‌റ്റേഷന്‌ ഇവിടെ 100 മീറ്റര്‍ വീതിയാണുള്ളത്‌. കോഴിക്കോട്‌ ഭൂനിരപ്പില്‍നിന്ന്‌ 41.86 മീറ്റര്‍ താഴ്‌ചയിലേക്കാണ്‌ സാധാരണ നിരപ്പില്‍ നിന്നു ട്രെയിന്‍ പോകേണ്ടത്‌. ഭൂനിരപ്പിലുറപ്പിച്ച പാതയുടെ കെട്ടിന്‌ ചിലയിടത്ത്‌ 18 മീറ്റര്‍ വരെ ഉയരമുണ്ട്‌. എട്ടു മീറ്റര്‍ മുതല്‍ 18 മീറ്റര്‍ വരെ കെട്ടിന്റെ ഉയരം പലയിടങ്ങളിലായി പല അളവുകളിലാണ്‌ കാണുന്നത്‌. സ്വാഭാവികമായും ഭൂനിരപ്പിലെ കെട്ടിലൂടെ പോകുമ്പോള്‍പ്പോലും ട്രെയിനുകള്‍ കയറ്റിറക്കങ്ങള്‍ എന്ന പ്രയാസം നേരിടണം. മേല്‍പ്പാലങ്ങളിലും തുരങ്കങ്ങളിലും മാത്രമല്ല സാധാരണ ഭൂനിരപ്പിലുറപ്പിച്ച കെട്ടിലും വേഗത്തിനു നിയന്ത്രണം വരാവുന്ന സാഹചര്യമുണ്ട്‌.
അമിതമായ കയറ്റിറക്കങ്ങളും വളവുകളുമുള്ള പാതയിലൂടെ മണിക്കറില്‍ 160 കി.മീറ്ററിലധികം വേഗത്തില്‍ ട്രെയിന്‍ പോകുമ്പോഴുണ്ടാകുന്ന തരംഗങ്ങള്‍ പാളത്തിന്‌ കേടുവരുത്തും. എല്ലാ 10-15 വര്‍ഷ ഇടവേളയിലും പാളങ്ങളില്‍ നവീകരണം വേണ്ടിവരും. പാതയിലെ തകരാറുകള്‍ സുരക്ഷാ ഭീഷണിയും ഉണ്ടാക്കാം. ഇതു ചരക്കുനീക്കത്തിനും ചേരാത്ത സാഹചര്യമാണ്‌.
ഭൗമശാസ്‌ത്ര, ജലപ്രവാഹ പഠനങ്ങള്‍ നടത്താതെയാണു 2019 ഏപ്രില്‍-മെയ്‌ സമയത്തു വിശദപദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കിയത്‌. ഗൂഗിള്‍ എര്‍ത്ത്‌ ടോപ്പോഗ്രഫിക്കല്‍ ഡാറ്റ മാത്രമാണ്‌ അടിസ്‌ഥാനമാക്കിയത്‌. അതനുസരിച്ചു തയാറാക്കിയ രൂപരേഖ കേരളത്തിന്റെ ഭൗമപ്രതലത്തിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. കട്ടിലിനൊത്ത്‌ കാല്‍ മുറിക്കുന്നതു പോലെ ഈ രൂപരേഖ ഇടിച്ചിറക്കാന്‍ ശ്രമിച്ചതിനാലാണ്‌ ഇത്രയേറെ വളവും കയറ്റിറക്കങ്ങളും വന്നതെന്നാണ്‌ അലോക്‌ കുമാര്‍ വര്‍മ്മ പറയുന്നത്‌.

Leave a Reply