പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക്

0

പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക്. ജയിൽ ചിത്രീകരണവും മറ്റുമായി ഫൈനൽ ഷെഡ്യൂൾ റാന്നിയിൽ ആരംഭിച്ചു. രണ്ടു ദിവസത്തെ പാച്ച് വർക്കുകൾ കൂടിയാണ് അവശേഷിക്കുന്നത്. പൃഥ്വിരാജ് അതിനായി പത്തനംതിട്ടയിലെത്തി. ജയിൽരംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. ഇതിനായി ജയിലിന്റെ സെറ്റ് വർക്കുകളും പൂർത്തിയായിട്ടുണ്ട്. മലയാളസിനിമയുടെ ചരിത്രത്തിൽ ഇത്രയും നീണ്ട ഷെഡ്യൂളുകൾ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160 ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂർത്തിയാക്കാൻ നാലര വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.

കോവിഡും ലോക്ഡൗണുമാണ് ചിത്രത്തിന്റെ ചിത്രീകരണം ഇത്രയും വൈകാൻ കാരണമായത്. 2018 ഫെബ്രുവരിയിലാണ് ബ്ലെസിയുടെ സംവിധാനത്തിൽ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. അവിടെ 30 ദിവസത്തോളം വർക്കുണ്ടായിരുന്നു. അതിനുശേഷം 2019 ൽ ജോർദ്ദാനിലേക്കു പോകാൻ പദ്ധയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിങ് മാറ്റിവച്ചു. പിന്നീട് 2020 ലാണ് ജോർദ്ദാനിലെത്തുന്നത്. അത്തവണ അൾജീരിയ ഷെഡ്യൂൾ കൂടി പ്ലാൻ ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനിൽ കുടുങ്ങി. പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിങ് നടന്നില്ല.

2022 മാർച്ച് പതിനാറിന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാർച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനിൽ എത്തി. കോവിഡ് പശ്ചാത്തലത്തിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രിൽ ഒന്നിന് നിർത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ ആണ് ആരംഭിച്ചത്. നാൽപതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോർദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ പതിനാറിന് പൃഥ്വി തിരികെ നാട്ടിലെത്തി.

സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകൾ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റു താരങ്ങൾ. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടിയാണ്

Leave a Reply