Sunday, January 23, 2022

ആലപ്പുഴയ്ക്കു കാഴ്ചയൊരുക്കാനെത്തിയ പടക്കപ്പൽ കായലിൽനിന്നു കരകയറി

Must Read

ആലപ്പുഴയ്ക്കു കാഴ്ചയൊരുക്കാനെത്തിയ പടക്കപ്പൽ കായലിൽനിന്നു കരകയറി. കപ്പലും വഹിച്ചുള്ള വാഹനം വെള്ളിയാഴ്ചയോടെ ആലപ്പുഴയ്ക്കു തിരിക്കും. ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ പ്രദർശനത്തിനായെത്തുന്ന നാവികസേനയുടെ ഡികമ്മിഷൻചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇൻഫാക്ട്-81 കപ്പലാണ് തണ്ണീർമുക്കത്ത്‌ വേമ്പനാട്ടുകായലിൽനിന്ന് പ്രത്യേക വാഹനത്തിൽ കയറ്റിയത്. എറണാകുളത്തുനിന്നുള്ള 300 ടൺ ശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.

20 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ളതാണ് കപ്പൽ. 96 ചക്രങ്ങളുള്ള 12 ആക്സിൽ സംവിധാനത്തിലേക്കാണ് കപ്പൽകയറ്റിയിരിക്കുന്നത്. കപ്പലിന്റെ ആകൃതിക്കനുസരിച്ച് ഇനിയും ക്രമീകരണങ്ങൾ വേണ്ടതിനാൽ ക്രെയിൻ സഹായത്തിൽത്തന്നെയാണ് കപ്പൽ വാഹനത്തിൽ വെച്ചിരിക്കുന്നത്. കപ്പലിന്റെ ആകൃതിക്കനുസരിച്ച് ഇളക്കംതട്ടാത്തവിധത്തിൽ സംവിധാനം വാഹനത്തിൽ വെൽഡുചെയ്താൽ മാത്രമേ ക്രെയിനിൽനിന്നു വേർപെടുത്താനാകൂ.

ചെറിയ ഇളക്കത്തിൽപ്പോലും കപ്പൽ താഴേക്കു ചരിയാൻ സാധ്യതയുള്ളതിനാൽ പൂർണമായും സുരക്ഷ ഉറപ്പാക്കിയായിരിക്കും യാത്ര. ഇതാണ് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ആലപ്പുഴയാത്ര നീട്ടിയത്. എറണാകുളത്തുനിന്നെത്തുന്ന സംഘം രാത്രിതന്നെ ക്രമീകരണത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വ്യാഴാഴ്ച ഇതു പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ട്രാൻസ്പോർട്ടിങ് കോ-ഓർഡിനേറ്റർ എസ്. രാജേശ്വരി പറഞ്ഞു.

ആക്സിൽ സംവിധാനം വലിക്കുന്ന പ്രത്യേക പുള്ളറും എത്തിക്കും. തണ്ണീർമുക്കത്തുനിന്ന്‌ ദേശീയപാതയിലേക്ക് എത്തിക്കുകയാണ് പ്രധാന വെല്ലുവിളിയെന്നാണു കണക്കാക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബി.ലൈനുകൾ പൂർണമായി ഓഫ്ചെയ്ത്‌ മരങ്ങളടക്കം വെട്ടിമാറ്റേണ്ടിവരും. ദേശീയപാതയിലും വാഹനഗതാഗതത്തിനു നിയന്ത്രണങ്ങൾ വരുത്തും. തണ്ണീർമുക്കത്തുനിന്ന്‌ ആലപ്പുഴയിലെത്താൻ നാലു ദിവസമാണ് പ്രതീക്ഷിക്കുന്നത്. നാവികസേനയ്ക്കൊപ്പം അഗ്നിരക്ഷാസേന, പോലീസ്, കെ.എസ്.ഇ.ബി. സഹകരണത്തിലായിരിക്കും യാത്ര. ദിവസം ആറുകിലോമീറ്റർ യാത്രയാണ് ലക്ഷ്യമിടുന്നത്

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News