ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സിനിമാ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതിയിൽ ഇന്നലെ രേഖപ്പെടുത്തി

0

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സിനിമാ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേട്ട് രണ്ടാം കോടതിയിൽ ഇന്നലെ രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.30നു തുടങ്ങിയ മൊഴിയെടുപ്പ് 7.30നാണ് അവസാനിച്ചത്.

സാക്ഷി വിസ്താരം പൂർത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തലുകൾ അവഗണിക്കാൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹർജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകൾ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) കോടതി വരാന്തയിൽ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സൽ കണ്ടെത്താൻ അന്വേഷണസംഘം പ്രതി കഴിയുന്ന ജയിൽമുറിയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

കുട്ടി പറഞ്ഞ പേരാകാൻ ഇടയില്ലെന്ന് പൊലീസ്

കൊച്ചി ∙ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷവും ആരോപണങ്ങളിലെ ‘വിഐപി’യെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹം തുടരുന്നു. ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ ‘ശരത് അങ്കിൾ’ വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ സ്വാധീനമുള്ള വിഐപിയുടെ പേര് ബാലചന്ദ്രകുമാർ പുറത്തു പറയാൻ മടിക്കുന്നതാണെന്നും പൊലീസ് കരുതുന്നു

Leave a Reply