Thursday, May 13, 2021

വസന്തയ്‌ക്ക് വിവാദ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്

Must Read

നെയ്യാറ്റിൻകര ∙ ജപ്തി നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റു മരിച്ച ദാരുണ സംഭവത്തിൽ, ഇവരെ ഒഴിപ്പിക്കാൻ പരാതി നൽകിയ അയൽവാസി പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്‌ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മരിച്ച രാജൻ 2 മാസം മുൻപേ ഈ വിവരാവകാശ രേഖ നേടിയിരുന്നു. ഇതു കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാൽ, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നിൽ എത്താതിരുന്നത് എന്നതു ദുരൂഹം.

വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്ജ്യോത് ഖോസ തഹസിൽദാർക്കു നിർദേശം നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ കോടതിയെ അറിയിക്കും. രാജന്റെ വസതിയിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അന്വേഷിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക്‌ നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്‌.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു.

സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി 2, 3, 4 സെന്റുകൾ വീതമാണു നൽകുന്നത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്‌. 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ലെന്നു നിയമവിദഗ്‌ധർ അറിയിച്ചു. പട്ടയം കിട്ടിയവരിൽ നിന്നു വിലയ്‌ക്കു വാങ്ങാൻ സാധ്യതയുണ്ട്. പക്ഷേ രേഖകൾ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.

തർക്കസ്ഥലം രാജന്റെ മക്കൾക്കു തന്നെ കൊടുക്കാനാകുമോയെന്ന് പരിശോധിക്കുന്നു

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തർക്കഭൂമി അനാഥരായ മക്കൾക്കു കൊടുക്കാനാകുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുന്നു. ഈ ഭൂമിയിൽ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇന്നലെ പകൽ മുഴുവൻ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ ആയിരുന്നു. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച ശുപാർശകൾ സഹിതമുള്ള റിപ്പോർട്ട് കലക്ടർ ഉടൻ സർക്കാരിനു നൽകും. അമ്പിളിയുടെ മൃതദേഹം സംസ്കാരത്തിനു മുൻപു തടഞ്ഞുവച്ചു സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണു കേസ്.

English summary

The RTI document, which proves, that Vasantha, has no title to this land is out

Leave a Reply

Latest News

ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി :ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ്...

More News