പോലീസ്‌ സേനക്ക്‌ നാണക്കേടായി റിമാന്‍ഡ്‌ പ്രതി കസ്‌റ്റഡിയില്‍ നിന്ന്‌ ഓടിരക്ഷപ്പെട്ടു

0

കണ്ണൂര്‍: പോലീസ്‌ സേനക്ക്‌ നാണക്കേടായി റിമാന്‍ഡ്‌ പ്രതി കസ്‌റ്റഡിയില്‍ നിന്ന്‌ ഓടിരക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മയക്കുമരുന്നു കേസിലെ പ്രതി ആലമ്പാടി സ്വദേശി അമീര്‍ അലി(23)യാണ്‌, സെന്‍ട്രല്‍ ജയിലില്‍നിന്നും കാസര്‍ഗോഡ്‌ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ കാസര്‍ഗോഡ്‌ വച്ച്‌ ഓടി രക്ഷപ്പെട്ടത്‌.
മേയ്‌ 12ന്‌ ബദിയടുക്കയില്‍വച്ച്‌ നമ്പര്‍ പ്ലേറ്റ്‌ ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എം.ഡി.എം.എയുമായാണ്‌ അമീര്‍ അലി പിടിയിലായത്‌. ഈ വാഹനത്തില്‍നിന്ന്‌ രണ്ട്‌കൈത്തോക്കുകളും ബദിയടുക്ക പോലീസ്‌ കണ്ടെടുത്തിരുന്നു. കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു അമീര്‍.
കാസര്‍ഗോഡ്‌് എത്തിയപ്പോള്‍ പോലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സുരക്ഷയ്‌ക്ക്‌ ഉണ്ടായിരുന്നു. കാസര്‍ഗോഡ്‌ ടൗണ്‍, വിദ്യാ നഗര്‍, ബദിയടുക്ക സ്‌റ്റേഷനുകളിലെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പ്രതിക്കായി തെരച്ചില്‍ തുടങ്ങി. സുരക്ഷാ വീഴ്‌ച സംബന്ധിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പരിശോധന ആരംഭിച്ചു.

Leave a Reply