Monday, September 27, 2021

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അനർഹമായി കൈപ്പറ്റിയവരിൽനിന്ന് സഹായധനം തിരിച്ചുപിടിക്കുന്നത് പുരോഗമിക്കുന്നു

Must Read

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അനർഹമായി കൈപ്പറ്റിയവരിൽനിന്ന് സഹായധനം തിരിച്ചുപിടിക്കുന്നത് പുരോഗമിക്കുന്നു. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ അനർഹമായി കൈപ്പറ്റിയ 28,17,000 രൂപയാണ് തിരിച്ചടച്ചത്. തുടർന്നുള്ള മാസങ്ങളിലും നിരവധിയാളുകൾ തുക തിരിച്ചടച്ചിട്ടുണ്ട്. ജില്ലാതലത്തിൽ കണക്കുശേഖരിക്കുന്നത് പുരോഗമിക്കുകയാണ്. ചെറുകിട, നാമമാത്ര കർഷകർക്ക് പ്രോത്സാഹനമായാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത്.

6000 രൂപ മൂന്നുഗഡുക്കളായി വർഷംതോറും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതാണ് പദ്ധതി. 2019 ഫെബ്രുവരി മുതൽ ധനസഹായം കർഷകർക്ക് ലഭിക്കുന്നുണ്ട്. ചെറുകിട, നാമമാത്ര കർഷകരാണ് ആനുകൂല്യത്തിനർഹർ. ആദായനികുതി നൽകുന്നവരും ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ തുടങ്ങി രജിസ്റ്റേർഡ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും പദ്ധതിക്ക് പുറത്താണ്.

ഒരുലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളവർക്കും ആനുകൂല്യം സ്വീകരിക്കാൻ പാടില്ല. അതേസമയം, ക്ലാസ് നാല് വിഭാഗത്തിൽ വരുന്ന ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാണ്.

കേന്ദ്ര-സംസ്ഥാന സർവീസുകളിൽനിന്നു വിരമിച്ച് പ്രതിമാസം 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവർക്കും പദ്ധതിയിൽ അപേക്ഷിക്കാനാകില്ല. സ്ഥാപനങ്ങളോടനുബന്ധിച്ച് ഭൂമിയുള്ളവർക്കും സഹായം കിട്ടില്ല. ഇത്തരം മാനദണ്ഡം ലംഘിച്ച് ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവരാണ് ധനസഹായം തിരിച്ചടയ്ക്കുന്നത്.

കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ഗുണഭോക്താക്കളുടെ അർഹത പരിശോധിക്കുന്നുണ്ട്. പണം തിരിച്ചടച്ചവരിലധികവും ആദായനികുതി ഒടുക്കുന്നവരും ഒരുലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ളവരുമാണ്.

കൈപ്പറ്റിയ പണം തിരിച്ചടയ്ക്കുന്നതിന് കേന്ദ്രസർക്കാർ നിർദേശിച്ച അക്കൗണ്ടിൽ നിക്ഷേപിച്ച് രസീത് കൃഷിഭവനിൽ എത്തിക്കണം. ഗുണഭോക്തൃപട്ടികയിൽ അനർഹമായി കടന്നുകൂടിയവരെക്കുറിച്ചുള്ള പരിശോധന തുടരുകയാണെന്ന് കൃഷി വകുപ്പധികൃതർ പറഞ്ഞു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News