കോട്ടയം: പത്രിക പിന്‍വലിക്കല്‍ സമയം കഴിഞ്ഞിട്ടും കോട്ടയത്ത് മുന്നണികള്‍ക്ക് തലവേദന സൃഷടിച്ച് വിമതർ. യു.ഡി.എഫിന് ജില്ല പഞ്ചായത്തില്‍ ഉള്‍പ്പെടെ വിമത ഭീഷണിയുണ്ട്. വിമതരെ അനുനയിപ്പിക്കാന്‍ നടത്തിയ ചർച്ചകളും ഭീഷണിയും ഫലംകാണാത്ത സാഹചര്യത്തിൽ ഇന്നും ചര്‍ച്ചകള്‍ തുടരുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു. ആവശ്യമെങ്കിൽ സംസ്ഥാന നേതാക്കളും വിഷയത്തിൽ ഇടപെടും. പത്രിക പിന്‍വലിച്ചില്ലെങ്കിലും പരസ്യപ്രസ്താവന ഇറക്കിയും ഔദ്യോഗിക സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തിയും പ്രശ്നം പരിഹരിക്കാമെന്നും നേതാക്കള്‍ പറയുന്നു. ജില്ല പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മോളി ലൂയിസാണ് രംഗത്ത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഡോ. റോസമ്മ സോണിയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. മോളി ലൂയിസ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും നിലവില്‍ ബ്ലോക്ക് അംഗവുമായിരുന്നു. പാര്‍ട്ടി അംഗത്വം രാജിെവച്ചാണ് മത്സരിക്കുന്നത്. 2015ല്‍ കേരള കോണ്‍ഗ്രസ്-എമ്മിനു വേണ്ടി കെ.പി. പോളായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിം അലക്സ് സ്വതന്ത്രനായി മത്സരിച്ചു. ഡി.വൈ.എഫ്.ഐ നേതാവായ മഹേഷ് ചന്ദ്രന് വിജയിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യൂനിവേഴ്സിറ്റി ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ജോര്‍ജ് വിമതനായി മത്സരിക്കുന്നു. അതിരമ്പുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ഐ.എന്‍.ടി.യു.സി കണ്‍വീനര്‍ രാജു സെബാസ്റ്റ്യൻ ഞരളിക്കോട്ടിൽ രംഗത്തുവന്നതും യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയാണ്. കോട്ടയം നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും വിമതഭീഷണിയുണ്ട്. 24ാം വാര്‍ഡില്‍ ഐ.എന്‍.ടി.യു.സി നേതാവ് മുഹമ്മദ് ബഷീറാണ് വിമതനായി മത്സരിക്കുന്നത്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടോം കോരയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന് 22ാം വാര്‍ഡിലാണ് വിമതശല്യം. കേരള കോണ്‍ഗ്രസ്- ജോസ് വിഭാഗത്തിലെ സജീവാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. ജനതാദളിലെ മാത്യു മൈക്കിളാണ് നിശ്ചിത സമയം കഴിഞ്ഞിട്ടും പത്രിക പിന്‍വലിക്കാതിരുന്നത്. എന്നാല്‍, മാത്യു മത്സര രംഗത്തുണ്ടാകില്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വിമത ശല്യം രൂക്ഷമാണ്. യു.ഡി.എഫിൽ റിബലുകൾ പതിവാെണങ്കിൽ ഇത്തവണ എൽ.ഡി.എഫും വിമതരുടെ രംഗപ്രവേശത്താൽ പ്രയാസപ്പെടുന്നുണ്ട്.
English summary
The rebels created headaches for the fronts