Sunday, December 5, 2021

എൻജിനീയറിങ് പഠനത്തിനിടെ കിട്ടിയ ഇടവേളകളിൽ ഈർക്കിലുകൾ ഒട്ടിച്ചുചേർത്ത് മുഹമ്മദ് ഷാ നിർമിച്ചു, അസ്സലിനോടു കിടപിടിക്കുന്ന പുനലൂർ തൂക്കുപാലവും ഈഫൽ ഗോപുരവും

Must Read

എൻജിനീയറിങ് പഠനത്തിനിടെ കിട്ടിയ ഇടവേളകളിൽ ഈർക്കിലുകൾ ഒട്ടിച്ചുചേർത്ത് മുഹമ്മദ് ഷാ നിർമിച്ചു, അസ്സലിനോടു കിടപിടിക്കുന്ന പുനലൂർ തൂക്കുപാലവും ഈഫൽ ഗോപുരവും. തൂക്കുപാലമുണ്ടാക്കാനെടുത്തത് ഒരുകൊല്ലം. ഈഫലിന് അരക്കൊല്ലവും.

തീരുന്നില്ല ഈ 22-കാരന്റെ കരവിരുതുകൾ. വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളെല്ലാം ഷായുടെ കൈതൊട്ടാൽ കൗതുകരൂപങ്ങളാണ്. മിനിയേച്ചർ നിർമാണത്തിൽ പുതിയ പ്രതിഭയാണ് ഈ പുനലൂരുകാരൻ.

പ്ലാച്ചേരി കലയനാട് മുദാ കോട്ടേജിൽ ഷാജഹാന്റെയും റസിയയുടെയും മകന് മിനിയേച്ചർ നിർമാണത്തിൽ ഗുരുക്കന്മാരോ പരിശീലനമോ ഇല്ല. ചെറിയരൂപങ്ങൾ കണ്ടുണ്ടായ കൗതുകം. അടൂർ എസ്.എൻ.ഐ.ടി.യിൽ മെക്കാനിക്കൽ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ 19-ാം വയസ്സിലാണ് മിനിയേച്ചർ നിർമാണത്തോട്‌ കൗതുകം തോന്നിയത്. കോളേജ്‌ വിട്ടെത്തിയാൽ പഠിപ്പിനിടെ കിട്ടുന്ന ചുരുങ്ങിയ സമയങ്ങളിൽ, തൂക്കുപാലത്തിന്റെ രൂപം നിർമിച്ചുകൊണ്ടു തുടങ്ങി. ആദ്യമൊക്കെ പിഴച്ചെങ്കിലും ക്രമേണ കല ഷായ്ക്കു വഴങ്ങി. നാലുമടൽ ഓലയും ഒരുവർഷവും വേണ്ടിവന്നു തൂക്കുപാലം തീർക്കാൻ. പഠനം പൂർത്തിയാക്കിയതോടെ മിനിയേച്ചർ നിർമാണത്തിനിപ്പോൾ കൂടുതൽ സമയം ലഭിക്കുന്നു. എട്ടാംക്ലാസ് വിദ്യാർഥിനിയായ ഏകസഹോദരി അഹദിയയാണ് സഹായി.

ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പേനയുടെ റീഫിൽ ഉൾപ്പെടെയുള്ള വസ്തുക്കൾകൊണ്ടാണ് ഷാ രൂപങ്ങൾ തീർക്കുന്നത്. ഹെലികോപ്റ്റർ, ലോറി, റോഡ് റോളർ, ചെണ്ട, ഡ്രം… പട്ടിക നീളുന്നു. പഠിച്ച സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചത്, അധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങി ഷാ ഈർക്കിലിൽ തീർത്ത തൂക്കുപാലങ്ങളായിരുന്നു. കോഴിമുട്ടയിൽ 144 തവണ ‘ഇന്ത്യ’ എന്നെഴുതി അടുത്തിടെ ഷാ ഏറെ ശ്രദ്ധേയനായിരുന്നു.

Leave a Reply

Latest News

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാളെ...

More News