മ്യൂസിയം സ്‌ഥാപിക്കാന്‍ സ്‌ഥലം വിട്ടുനല്‍കണമെന്ന അച്ചടിവകുപ്പിന്റെ ആവശ്യം ജയില്‍ വകുപ്പ്‌ തള്ളി

0

തിരുവനന്തപുരം : മ്യൂസിയം സ്‌ഥാപിക്കാന്‍ സ്‌ഥലം വിട്ടുനല്‍കണമെന്ന അച്ചടിവകുപ്പിന്റെ ആവശ്യം ജയില്‍ വകുപ്പ്‌ തള്ളി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ അച്ചടി മ്യൂസിയം സ്‌ഥാപിക്കാന്‍ സ്‌ഥലം വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പലര്‍ക്കും സ്‌ഥലം കൊടുത്തെന്നും ഇനി തരാനൊന്നുമില്ലെന്നുമാണ്‌ അച്ചടി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷിനു ജയില്‍ വകുപ്പിന്റെ മറുപടി.
പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ സ്‌ഥലം ആരൊക്കെ കൈവശപ്പെടുത്തിയെന്നു മറുപടിയില്‍ വിശദീകരിക്കുന്നു. കെ.എസ്‌.ഇ.ബി, ജല അതോറിറ്റി, എല്‍.ബി.എസ്‌, റെയില്‍വേ, സാമൂഹികനീതി, വിദ്യാഭ്യാസവകുപ്പുകള്‍, രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, അച്യുതമേനോന്‍ ഫൗണ്ടേഷന്‍, സംസ്‌ഥാന സഹകരണ ബാങ്ക്‌, സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങി, ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ സൊസൈറ്റിക്കുവരെ സ്‌ഥലം നല്‍കിയെന്നു ജയില്‍വകുപ്പ്‌ വ്യക്‌തമാക്കുന്നു. ഐ.എ.എസുകാരുടെ സൊസൈറ്റിക്കു സ്‌ഥലം നല്‍കുന്നതു വന്‍വിവാദമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഇതിനോടു ശക്‌തമായി വിയോജിച്ചിരുന്നു.
ജയില്‍ വകുപ്പുതന്നെ പൂജപ്പുരയില്‍ നിരവധി സ്‌ഥാപനങ്ങള്‍ നടത്തുന്നുണ്ട്‌. പെ്രടോള്‍ പമ്പ്‌, കഫറ്റീരിയ, ഫാഷന്‍ ഷോപ്പ്‌, സലൂണ്‍, കരകൗശല വില്‍പ്പനശാല തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ജയില്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ ക്വാര്‍ട്ടേഴ്‌സ്‌, ആസ്‌ഥാനമന്ദിരം, സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, സ്‌പെഷല്‍ സബ്‌ ജയില്‍, വനിതാ ജയില്‍ തുടങ്ങിയവയെല്ലാം ഈ വളപ്പിലാണ്‌. അതീവസുരക്ഷാമേഖലയാണെന്നിരിക്കേയാണു പല വകുപ്പുകള്‍ ചേര്‍ന്ന്‌ ജയില്‍ വളപ്പ്‌ കൈവശപ്പെടുത്തിയിരിക്കുന്നത്‌.
ഫോറന്‍സിക്‌ വാര്‍ഡ്‌ ഉള്‍പ്പെടെ ഇനിയും നടപ്പാക്കാനുള്ള പദ്ധതികള്‍ക്കു സ്‌ഥലം തികയാത്ത അവസ്‌ഥയാണെന്നും അച്ചടിവകുപ്പിന്റെ അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here