പത്തനംതിട്ട: കോവിഡ് സാഹചര്യം മൂലം ശബരിമലയിൽ ദർശനത്തിന് എത്താൻ കഴിയാത്ത ഭക്തർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ പദ്ധതി. ഇന്ത്യയിൽ എവിടെയുള്ള ഭക്തർക്കും തപാൽ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് പുതിയ പദ്ധതി തയാറാക്കി.
പണം അടച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രസാദം തപാലിൽ വീട്ടിൽ കിട്ടുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം എന്നിവയാണ് പായ്ക്കറ്റിൽ ഉണ്ടാകുക. ഇവയുടെ വില നിശ്ചയിച്ചിട്ടില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയൊരു ശതമാനം തീർഥാടകർക്കും ദർശനത്തിന് എത്താൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. അതിനാലാണ് ഭക്തർക്ക് തപാലിൽ പ്രസാദം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.
English summary
The plan is to deliver offerings by post to devotees who are unable to visit Sabarimala