Friday, July 30, 2021

മൂന്നു റിങ്ങിനുള്ളിൽ ഫോണെടുക്കണം, പേരും ഓഫീസും തസ്തികയുമുൾപ്പെടെയുള്ള വിവരങ്ങൾ ആദ്യമേ പറയണം… തദ്ദേശ വകുപ്പിൽ ഫോൺ ഉപയോഗത്തിനും കർശന മാനദണ്ഡങ്ങൾ

Must Read

എടപ്പാൾ: മൂന്നു റിങ്ങിനുള്ളിൽ ഫോണെടുക്കണം, പേരും ഓഫീസും തസ്തികയുമുൾപ്പെടെയുള്ള വിവരങ്ങൾ ആദ്യമേ പറയണം… തദ്ദേശ വകുപ്പിൽ ഫോൺ ഉപയോഗത്തിനും കർശന മാനദണ്ഡങ്ങൾ.

പഞ്ചായത്തുവകുപ്പിനു കീഴിലെ ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, സേവനങ്ങളുടെ വേഗം എന്നിവ വർധിപ്പിക്കാനും ജീവനക്കാരുടെ മനോഭാവം മാറ്റാനുമായി പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് മാർഗനിർദേശങ്ങൾ.

വ്യക്തമായും ഉച്ചത്തിലും സംസാരിക്കണം. ആവശ്യമായ ഘട്ടത്തിൽ സ്പീക്കർഫോൺ ഉപയോഗിക്കണം. സംസാരിക്കുന്നതിനിടയിൽ ആവശ്യമായ വിവരങ്ങൾ കുറിച്ചെടുക്കണം. സൗമ്യമായ ഭാഷമാത്രമേ ഉപയോഗിക്കാവൂ. സംഭാഷണം അവസാനിക്കുംമുൻപ് വേറെ ആർക്കെങ്കിലും ഫോൺ കൈമാറേണ്ടതുണ്ടോ എന്നന്വേഷിക്കുകയും വേണം.

ഓഫീസിലുള്ളപ്പോൾ മൊബൈൽഫോൺ ശബ്ദം കുറച്ചുവെക്കുകയോ കഴിവതും വൈബ്രേഷൻ മോഡ് ഉപയോഗിക്കുകയോ വേണമെന്നും നിർദേശത്തിലുണ്ട്. സംഭാഷണം അവസാനിച്ചു എന്നുറപ്പാക്കിയശേഷം നന്ദി അറിയിച്ചുവേണം ഫോൺ വെക്കാൻ. വോയ്സ് സന്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയ്ക്കെല്ലാം കൃത്യമായ മറുപടി അയക്കുകയും വേണം.

പൊതുജനം വരുന്നതിനു തുല്യം

ഒരു പൗരൻ ഓഫീസിലേക്കു നേരിൽ വരുന്നതും ഫോണിൽ വിവരമന്വേഷിക്കുന്നതും തുല്യതയുള്ള കാര്യമാണ്. പ്രത്യേകിച്ചും കോവിഡ് പശ്ചാത്തലത്തിൽ വരാത്തതാണു ഗുണകരം. എന്നാൽ നേരിട്ട് ഒരാൾവന്ന് വിവരമന്വേഷിക്കുന്ന ഗൗരവം പലപ്പോഴും വിളിച്ചുചോദിക്കുമ്പോൾ പല ജീവനക്കാരും കാണിക്കാറില്ല.

പിന്നീട് വിളിക്കാൻ പറയുക, മറ്റാരെയെങ്കിലും ചോദിച്ചാൽ വിളിക്കാമെന്നുപറഞ്ഞ് റിസീവർ താഴെവെച്ച് വേറെ ജോലിക്കുപോകുക തുടങ്ങി വിളിക്കുന്നവരെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ ഓഫീസുകളിൽ നിന്നുണ്ടാകുന്നതായി പരാതിയുണ്ട്. ഇത്തരം പരാതികൾ കൂടാതിരിക്കാനും കോവിഡ് കാലത്ത് ജനങ്ങൾക്ക് വിവരങ്ങളറിയാൻ പുറത്തിറങ്ങാതെ സൗകര്യമൊരുക്കാനും ഏറെ ഗുണകരമാണ് പുതിയ നിർദേശം.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News