കോട്ടയം: മാല പൊട്ടിച്ചെടുത്തെങ്കിലും കള്ളനെ സധൈര്യം നേരിട്ട നഴ്സിന് സോഷ്യൽ മീഡിയയുടെ കൈയ്യടി.
മാല പൊട്ടിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം നഴ്സിന്റെ ധൈര്യത്തിന് മുൻപിൽ പരാജയപ്പെട്ടു. ശ്രമം പരാജയമായതിന് പിന്നാലെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് വേഷം മാറി സ്വന്തം ബൈക്കുമായി കടക്കാൻ ശ്രമിച്ച ഇയാൾ പൊലീസിന്റെ പിടിയിലായി. എരുമേലിയിൽ കോവിഡ് ഡ്യൂട്ടിക്ക് എത്തിയ നഴ്സ് പാലാ സ്വദേശിനി അനുജ സലിമിന്റെ (22) മാല പൊട്ടിക്കാനെത്തിയ കുറുവാമൂഴി പീടികച്ചാൽ ഷിനു (42) ആണ് അറസ്റ്റിലായത്.
എരുമേലി ദേവസ്വം ബോർഡ് സ്കൂൾ പരിസരത്തെ സർക്കാർ ആശുപത്രിയിലേക്കുള്ള കുറുക്കു വഴിയിലാണു മോഷണ ശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കള്ളനെ തിരിച്ചറിഞ്ഞത്. കള്ളനെ കുതറിത്തെറിപ്പിച്ച ആരോഗ്യ പ്രവർത്തകയെ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പ്രശംസിച്ചു.
പിടിവലിയിൽ പരാജയപ്പെട്ട കള്ളൻ ശ്രമം ഉപേക്ഷിച്ച് ഓടി.സ്കൂൾ പരിസരത്തു പാർക്ക് ചെയ്ത ബൈക്ക് എടുക്കാതെ സ്ഥലം വിട്ട കള്ളൻ പിന്നീടു വേഷം മാറി ഓട്ടോയിലെത്തി ബൈക്കുമായി കടന്നു. കള്ളൻ ഓടി മറയുന്നതും വേഷം മാറിയെത്തുന്നതുമെല്ലാം പൊലീസിന്റെയും പഞ്ചായത്തിന്റെയും ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഒരേ ആൾ തന്നെയാണു വേഷം മാറി വന്നതെന്നു വ്യക്തമായി.
കള്ളൻ ബൈക്ക് തിരികെ എടുക്കാൻ എത്തിയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി. ഡ്രൈവറുടെ സഹായത്തോടെ എസ്ഐ സിഎച്ച് സതീഷിന്റെ നേതൃത്വത്തിൽ കുറുവാമൂഴി വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോടതി ഇയാളെ റിമാൻഡ് ചെയ്തു.
English summary
The nurse who bravely broke the necklace but braved the thief was applauded on social media